kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ വിധി 27ന്

By webdesk17

February 25, 2025

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ 27ന് വിധി പറയും. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ചെന്താമരയുടെ റിമാന്‍ഡ് കാലാവധിയും നീട്ടി. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകന്‍ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

താനാണ് കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് എഴുതി ചേര്‍ത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയില്‍ വാദിച്ചു. എന്നാല്‍ കൊലപാതകത്തിന് ശേഷം ആയുധവുമായി പ്രതി ഇറങ്ങി പോകുന്നത് കണ്ട സാക്ഷികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചാല്‍ അത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുമെന്ന് നാട്ടുകാര്‍ പറയുന്നു. സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

കഴിഞ്ഞ മാസം 27നായിരുന്നു പോത്തുണ്ടിയില്‍ ഇരട്ടക്കൊലപാതകം നടന്നത്. അയല്‍വാസി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമര വിശ്വാസിച്ചിരുന്നത്.

സജിതയെ കൊലകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ഇയാളെ 29ന് പുലര്‍ച്ചെയാണ് പൊലീസ് പിടികൂടിയത്.

സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.