kerala

നവകേരള സദസ്; പണം നല്‍കില്ലെന്ന് ചാലക്കുടി നഗരസഭ

By webdesk13

November 17, 2023

നവ കേരളസദസിന് പണം നല്‍കില്ലെന്ന് ചാലക്കുടി നഗരസഭ. പണം അനുവദിക്കേണ്ടതില്ലെന്ന ഇരിങ്ങാലക്കുട നഗരസഭയുടെ നിലപാടിന് പിന്നാലെയാണ് ചാലക്കുടി നഗരസഭയും നിലപാട് വ്യക്തമാക്കുന്നത്. ഒരുലക്ഷം രൂപയാണ് സര്‍ക്കാര്‍ നഗരസഭയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ചാലക്കുടി നഗരസഭ ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്.

സര്‍ക്കാരിലേക്ക് നഗരസഭ നല്‍കാനുള്ള ബാധ്യതയെ സംബന്ധിച്ച് സംസാരിക്കാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയാണ്. ഇതിനിടയില്‍ നവകേരള സദസിന്റെ പേരില്‍ പണം പിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും നഗരസഭ ചെയര്‍മാന്‍ എ ബി ജോര്‍ജ് പറഞ്ഞു. സെക്രട്ടറി വിവേചനാധികാരം ഉപയോഗിച്ച് പണം നല്‍കിയാല്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും എ ബി ജോര്‍ജ് പറഞ്ഞു.

നവകേരളസദസ് ഒരുക്കത്തിന്റെ പേരുപറഞ്ഞ് നഗരസഭയിലെ ജീവനക്കാര്‍ ജോലിയില്‍ വീഴ്ച വരുത്തുന്നു എന്നാരോപിച്ച് ചെയര്‍മാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സമരവുമായി രംഗത്തെത്തി.