kerala
അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു; സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍
അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു.
പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു. ഷോളയൂര്‍ സ്വര്‍ണ്ണപിരിവില്‍ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഐ.സി.ഡി.എസ് എന്നിവരോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിട്ടുണ്ട്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കായി സുമിത്രയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഇത്തവണ മാര്‍ച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ആറുമാസമായപ്പോള്‍ പ്രസവം നടന്നു, കുഞ്ഞ് മരിച്ചു.
യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സുമിത്രയെ വിശദ പരിശോധനയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന് പോറ്റിയെയും മുരാരി ബാബുവിനെയും എസ്ഐടി കസ്റ്റഡിയില്‍ വിട്ടു
ഉണ്ണികൃഷ്ണന് പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന് പോറ്റിയെയും മുരാരി ബാബുവിനെയും കൊല്ലം വിജിലന്‍സ് കോടതി എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന് പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലന്‍സ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ ഉദ്യോഗസ്ഥന് എന്ന നിലയില്‍ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷന് വാദം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജന് ഹാജരായി.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സുധീഷിനും പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ശില്‍പ്പപാളിയും വാതില്‍പ്പടിയും സ്വര്‍ണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് എഴുതി ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ശുപാര്‍ശക്കത്ത് എഴുതിയത് സുധീഷാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
kerala
നടിയെ ആക്രമിച്ച കേസ്: കോടതി വിമർശനത്തിൽ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭർത്താവ്
പൊലീസ് വിശദമായി എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നുവെന്നും, പൾസർ സുനി ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലം മുതൽ മാത്രമാണ് ശ്രീലക്ഷ്മിക്ക് അദ്ദേഹവുമായി പരിചയമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭർത്താവ് രംഗത്തെത്തി. പൊലീസ് വിശദമായി എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നുവെന്നും, പൾസർ സുനി ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലം മുതൽ മാത്രമാണ് ശ്രീലക്ഷ്മിക്ക് അദ്ദേഹവുമായി പരിചയമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും, അറിയാവുന്ന എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് വ്യക്തമാക്കി. ശ്രീലക്ഷ്മിയുടെ ഫോൺ പൊലീസിന് കൈമാറിയതായും, ആ ഫോൺ പിന്നീട് തിരികെ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോൺ ഉൾപ്പെടെ പൊലീസ് വിശദമായ പരിശോധന നടത്തിയതായും, നടിയെ ആക്രമിച്ച സംഭവത്തിൽ തങ്ങൾക്കൊരു പങ്കുമില്ലെന്ന് ബോധ്യമായതോടെയാണ് പൊലീസ് അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും പിന്നീട് രണ്ടുമൂന്നുതവണ കൂടി പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും, എല്ലാ ഘട്ടങ്ങളിലും അന്വേഷണത്തോട് പൂർണമായി സഹകരിച്ചിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞു. പൾസർ സുനിയുമായി ഉണ്ടായിരുന്നത് ബസിൽ യാത്രക്കിടെ ഉണ്ടായ ഒരു പരിചയം മാത്രമാണെന്നും, സംഭവദിവസവും സുനി വിളിച്ചതായി പൊലീസിനോട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നുവെന്നും, ബസിൽ കണ്ട പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലക്ഷ്മിയെ എന്തുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്ന ചോദ്യത്തിന്, സംഭവത്തിൽ തങ്ങൾക്കൊരു റോളുമില്ലെന്ന് പൊലീസ് കണ്ടെത്തിയതിനാലാണെന്നാണ് തന്റെ മനസ്സിലാക്കലെന്ന് ശ്രീലക്ഷ്മിയുടെ ഭർത്താവ് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന ശ്രീലക്ഷ്മി എന്ന സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്ന ചോദ്യം വിചാരണക്കോടതി വിധിന്യായത്തിൽ ഉന്നയിച്ചിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് സുനി ശ്രീലക്ഷ്മിയുമായി ഫോണിൽ സംസാരിച്ചതായും, ഈ സ്ത്രീക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതിൽ പോലും പ്രോസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവദിവസം സുനിയും ശ്രീലക്ഷ്മിയും തമ്മിൽ നിരന്തരം നടന്ന ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നുവെന്നും കോടതി ചോദിച്ചിരുന്നു.
kerala
മോദി – മെസ്സി കൂടികാഴ്ച ഇല്ല’; ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പുറപ്പെട്ടു
ഡല്‍ഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
പ്രധാനമന്ത്രി മോദിയും -മെസിയും തമ്മിലുള്ള കൂടികാഴ്ച ഉണ്ടാകില്ല. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പുറപ്പെട്ടതിനെത്തുടര്‍ന്നാണ് കൂടിക്കാഴ്ച്ച ഒഴിവാക്കിയത്. ഡല്‍ഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
അതേസമയം ഇന്ത്യയിലെ അര്‍ജന്റീന അംബാസഡര്‍ മരിയാനോ അഗസ്റ്റിന് കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുല്‍ പട്ടേല്‍ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് മെസി ഡല്‍ഹയില്‍ എത്തുന്നത്. വൈകിട്ട് 3.30ന് ഫിറോസ് ഷാ ഖോട്ലയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുത്തശേഷമാകും മെസിയുടെ മടക്കം.
ഇന്നലെ മുംബൈയിലെ പര്യടനം അക്ഷരാര്ധത്തില് ആരാധകരെ ഇളക്കി മറിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്കൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടില്‍ പങ്കെടുത്തും മെസ്സി ആവേശ തിരമാല തീര്‍ത്തു. മൂന്നുമണിയോടെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തിരുന്നു. ഇന്നത്തെ ഡല്‍ഹി സന്ദര്‍ശനത്തോടെ ഇന്ത്യയിലെ പര്യടനം അവസാനിക്കും.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala3 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
news3 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
india22 hours agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
kerala3 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india16 hours ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india15 hours agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
