കെയ്‌റോ: ഈജിപ്തില്‍ പിരമിഡുകള്‍ക്ക് സമീപം ടൂറിസ്റ്റ് ബസിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. വിയറ്റ്‌നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി പോയ ബസിലാണ് സ്‌ഫോടനമുണ്ടായത്. വിയറ്റ്‌നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ് മരിച്ചത്.

പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. റോഡിന് സമീപം സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തു ബസ് കടന്നുപോയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 14 വിയറ്റ്‌നാം സ്വദേശികളും ഈജിപ്ത് സ്വദേശികളായ ടൂര്‍ ഗൈഡും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്.

അതേസമയം സുരക്ഷാ ഏജന്‍സികളെ അറിയിക്കാതെയാണ് ബസ് സ്‌ഫോടനമുണ്ടായ റോഡിലൂടെ കടന്നുപോയതെന്ന് ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി പ്രതികരിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.