കൊച്ചി: മൊബൈല്‍ ഫോണ്‍ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും മാറ്റി നല്‍കാത്ത ഐ ഫോണ്‍-ആപ്പിള്‍ ഇന്ത്യയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. കേടായ മൊബൈല്‍ ഫോണിന് പകരം പുതിയ ഐഫോണ്‍ നല്‍കണം.

അല്ലെങ്കില്‍ അതിന്റെ വിലയായ എഴുപതിനായിരം രൂപയും കൂടാതെ കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്നും കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളം തെങ്ങോട് സ്വദേശി ദിനേശ് കുമാര്‍ പി.ബി സമര്‍പ്പിച്ച പരാതിയിലാണ് പ്രസിഡന്റ് ഡി.ബി ബിനു, അംഗങ്ങളായ വി.രാമചന്ദ്രന്‍ ശ്രീവിദ്യ ടി.എന്‍ എന്നിവര്‍ ചേര്‍ന്ന കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഫോണിന്റെ ഡിസ്‌പ്ലേ തകരാറിലാകുകയും ഫോണ്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. വാറന്റി കാലയളവിനുള്ളില്‍ തന്നെ ഈ തകരാറ് കണ്ടതിനാല്‍ പുതിയ ഫോണ്‍ നല്‍കണമെന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം.

എന്നാല്‍ ഉപഭോക്താവ് അശ്രദ്ധയോടെ ഫോണ്‍ ഉപയോഗിച്ചതാണ് തകരാറിനു കാരണമെന്ന് എതിര്‍കക്ഷികള്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. ഈ വാദം തള്ളിക്കളഞ്ഞ കമ്മീഷന്‍ കോടതി ചെലവ് 5000 രൂപ ഉള്‍പ്പെടെ 30 ദിവസത്തിനകം ഉപഭോക്താവിന് തുകയോ പുതിയ ഫോണോ നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.