ഡല്‍ഹി: വിവിധ ഇടപാടുകളുടെ നിരക്ക് പരിഷ്‌കരിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ചെക്ക് ബുക്ക്, പണം പിന്‍വലിക്കല്‍ തുടങ്ങി വിവിധ ഇടപാടുകള്‍ക്ക് ഈടാക്കുന്ന പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. മാസത്തില്‍ ആദ്യ മൂന്ന് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം ഇതര ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുടമകളില്‍ നിന്ന് ഫീസ് ഈടാക്കും.

ഓഗസ്റ്റ് ഒന്നുമുതല്‍ മാസത്തില്‍ ആദ്യത്തെ പണം പിന്‍വലിക്കല്‍ സൗജന്യമാണ്. ഒരു ലക്ഷം രൂപ വരെ ഇത്തരത്തില്‍ പിന്‍വലിക്കാം. തുടര്‍ന്നുള്ള ഓരോ ആയിരം രൂപയുടെ ഇടപാടിനും അഞ്ചു രൂപ വീതം ഈടാക്കും. സ്വന്തം അക്കൗണ്ടുള്ള ശാഖകളിലാണ് ഇത് ബാധകം. ബാങ്കിന്റെ ഇതര ശാഖകളില്‍ പ്രതിദിനം 25000 രൂപ വരെയുള്ള ഇടപാടുകള്‍ സൗജന്യമാണ്. ഈ പരിധി അധികരിച്ചാല്‍ ചാര്‍ജ് ഈടാക്കും.

അതേസമയം, മെട്രോ നഗരങ്ങളില്‍ ഇതര ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മാസം മൂന്ന് തവണ വരെ സൗജന്യമായി പണം പിന്‍വലിക്കാം. പരിധി കടന്നാല്‍ ഓരോ ഇടപാടിനും 20 രൂപ വീതം നിരക്ക് ഈടാക്കും. സില്‍വര്‍,ഗോള്‍ഡ് അങ്ങനെ എല്ലാ തരത്തിലുള്ള കാര്‍ഡുടമകള്‍ക്കും ഇത് ബാധകമാണ്.

എടിഎമ്മുകളില്‍ നിന്നുള്ള സാമ്പത്തികേതര ഇടപാടുകള്‍ മാസം അഞ്ചുതവണ വരെ സൗജന്യമാണ്. മെട്രോ നഗരങ്ങള്‍ക്ക് വെളിയിലാണ് ഇത് ബാധകം. പരിധി അധികരിച്ചാല്‍ ഓരോ ഇടപാടിനും 8.50 രൂപ ഈടാക്കും. സില്‍വര്‍,ഗോള്‍ഡ് അങ്ങനെ എല്ലാ തരത്തിലുള്ള കാര്‍ഡുടമകള്‍ക്കും ഇത് ബാധകമാണ്.