X

ജനഹൃദയങ്ങളെ കീഴടക്കുന്ന ചുമര്‍ ചിത്രങ്ങള്‍

പാലക്കാട് പെരുവെമ്പ് തോട്ടുപാലം നെല്ലിക്കുന്നം റോഡില്‍ തോട്ടുപാലത്തുനിന്നും 200 മീറ്റര്‍ മാറി ചിത്രകൂടം എന്ന വീടിന്റെ പുറം മതിലിലാണ് ജനഹൃദയങ്ങളെ കീഴടക്കുന്ന ഈ ചുമര്‍ ചിത്രങ്ങളുടെ കാഴ്ച ശീവേലി ഒരുക്കിയിരിക്കുന്നത്.
ചിത്രകാരനും ശില്പിയുമായ തത്തമംഗലം സ്വദേശി പ്രമോദ് പള്ളിയിലാണ് ഈ ദൃശ്യവിരുന്നു വരച്ചുണ്ടാക്കിയിരിക്കുന്നത്. നാടന്‍ കലാ ഗവേഷകനും നിരൂപകനുമായിരുന്ന ചെമ്പകശ്ശേരി വിശ്വം എഴുതി ചിട്ടപെടുത്തി പ്രശസ്തനായ നാടന്‍പാട്ടു കലാകാരന്‍ പ്രണവം ശശി ഈണവും ശബ്ദവുംനല്‍കി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ”നമ്മണ്ടെ പാലക്കാട്” എന്ന പാട്ടിലെ പാലക്കാടന്‍ സംസ്‌ക്കാരത്തെ വരകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പ്രമോദ്.

പാലക്കാടിന്റെ പ്രകൃതി ഭംഗിയും തനതു നാട്ടുകാഴ്ചകളും, നാട്ടുത്സവങ്ങളും കരുതലും സമഞ്ജസമായി സമന്വയിച്ചിരിക്കുന്ന ഈ ദൃശ്യ വിരുന്നിനു ഇരുനൂറടി നീളവും നാലടി ഉയരവുമുണ്ട്. വെള്ള പ്രതലത്തില്‍ കറുപ്പു നിറംകൊണ്ടാണ് ഈ കാഴ്ചകള്‍ ചിത്രീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കു അടുത്തിരുന്നു കാണാനും അവയുടെ സൂക്ഷംശങ്ങളിലേക്കു ഇറങ്ങിച്ചെല്ലാനും കഴിയുന്ന വിധത്തിലാണ് ഓരോ വിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നത്.. അതുകൊണ്ടു തെന്നെ ചിത്രാസ്വാദകര്‍ക്കും സാധാരണക്കാര്‍ക്കും ചിത്രരചനാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ അനുഭവഭേദ്യമാകുന്നു ഈ കാഴ്ച ശീവേലി.
മണ്ണും മതിലും, ചിത്രങ്ങളും, മരങ്ങളും, ആകാശവും അടങ്ങുന്ന പ്രകൃതിയോടൊപ്പം കാഴ്ചക്കാരും ഈ ദൃശ്യ വിരുന്നിലെ കഥാപാത്രങ്ങള്‍ ആവുന്നു . നിശ്ചല ചിത്രങ്ങള്‍ ഓരോന്നായി രസച്ചരടുപൊട്ടാതെ കോര്‍ത്തിണക്കുക വഴി അവ കാഴ്ചക്കാരോടൊപ്പം സഞ്ചരിക്കുന്ന അനുഭൂതിയുണ്ടാക്കാന്‍ ചിത്രകാരന് കഴിഞ്ഞിട്ടുമുണ്ട്.

പ്രവാസ ജീവിതംഅവസാനിപ്പിച്ചു മുഴുവന്‍ സമയ കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രമോദ് പള്ളിയില്‍ ചലച്ചിത്ര കലാസംവിധായകനായി പ്രവ ര്‍ത്തിച്ചു വരുന്നു. ഇതിനോടകം ‘പൊരിവെയില്‍’, ‘ 2 BHK’ എന്നീ രണ്ടു ഫീച്ചര്‍ ചിത്രങ്ങളില്‍ സ്വതന്ത്ര ചുമതലയില്‍ കലാസംവിധാനവും, കൂടാതെ അഞ്ചോളം സിനിമകളില്‍ കലാസംവിധാന സഹായിയായും, നിരവധി ഡോക്യുമെന്ററികളിലും, ഹ്രസ്വ ചിത്രങ്ങളിലും , വീഡിയോ ആല്‍ബങ്ങളിലും, പരസ്യ ചിത്രങ്ങളിലും കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടന്‍ കലകളില്‍ ഏറെ തല്പരനായ പ്രമോദ് അതിന്റെ ഭാഗമായി അനവധി നിരവധി ശില്പങ്ങളും, ചുവര്‍ ചിത്രീകരണങ്ങളും, മിനിയേച്ചറുകളും വിവിധയിടങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്.
സ്ഥിരമായി യു. എ ഇ യില്‍ നടന്നു വരുന്ന കണ്യാര്കളിയുടെ പന്തല്‍ ഒരുക്കുന്നതും, പാലക്കാട്ടെ നാടക കൂട്ടായ്മകള്‍ക്ക് രംഗ പടം ഒരുക്കുന്നതും പ്രമോദ് ആണ്.

ഇത്രയും വലിയ പ്രതലത്തില്‍ സ്വതന്ത്രമായി തനിക്കേറെ ഇഷ്ടപ്പെട്ട രൂപങ്ങള്‍ അവയുമായി സംവദിച്ചു ചിത്രീകരിക്കാന്‍ കഴിഞ്ഞതിലും അത് ഗ്രാമീണര്‍ സ്വീകരിക്കുന്നു എന്നതിലും ഏറെ സന്തുഷ്ടനാണ് ചിത്രകാരനും ശില്പിയുമായ പ്രമോദ്.
ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ജനറല്‍ സെക്രട്ടറി മേതില്‍ കോമളന്‍കുട്ടിയുടെ വീടാണ് ചിത്രകൂടം. കമ്പോള പരസ്യ പലകയാവേണ്ട പ്രതലം ഇത്തരമൊരു സര്‍ഗ്ഗ സൃഷ്ടിക്കു വിനിയോഗിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കോമളന്‍കുട്ടിയും കുടുംബവും കരുതുന്നു. ചിത്രകൂടമിപ്പോള്‍ അതിന്റെ അതിര്‍ വരമ്പുകളെ ഇല്ലാതാക്കി ചിത്രങ്ങളുടെ കൂടാരമാക്കി മാറ്റി യിരിക്കുന്നു.
പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും പരിസര പ്രദേശിങ്ങളിലെ നിരവധി പേരാണ് നിത്യേന ഈ കാഴ്ച ശീവേലി അനുഭവിച്ചറിയാന്‍ എത്തുന്നത്.
പാലക്കാട്ടെ സാംസ്‌കാരിക തലസ്ഥാനമായ തസ്രാക്കില്‍ സന്ദര്ശനത്തിനെത്തുന്നവര്‍ക്കു ഒരു കിലോമീറ്റര് മാത്രം ദൂരത്തില്‍ ഉള്ള ഈ ദൃശ്യ വിരുന്നും പുതിയൊരു അനുഭവം സമ്മാനിക്കും.

‘വിസ്മയം പോലെ ജനിക്കും നിമിഷത്തിനര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം’ എന്ന കവി വചനം പോലെ ഈ കാഴ്ച യും കണ്ടു വിസ്മയിച്ചു അര്‍ത്ഥം കൊടുത്തു പൊലിപ്പെച്ചെടുക്കാന്‍ നിങ്ങള്‍ ഓരോരുത്തരെയും ഈ കാഴ്ച ശീവേലിയിലേക്കു ക്ഷണിക്കുന്നു.

 

webdesk14: