നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് ഭൂമി വിട്ടു നല്‍കില്ലെന്ന് അയല്‍വാസിയും പരാതിക്കാരിയുമായ വസന്ത. നിയമപരമായാണ് താന്‍ മുന്നോട്ടു പോയത്. ഒരു കുറ്റവും ചെയ്തിട്ടില്ല. കഴുത്തറുത്താലും മരിച്ച ദമ്പതികളുടെ കുടുംബത്തിന് ഭൂമി വിട്ടു നല്‍കില്ലെന്ന് വസന്ത പറഞ്ഞു.

ഗുണ്ടായിസം കാണിച്ചാണ് ഇവര്‍ വസ്തു കൈക്കലാക്കിയതെന്നും ഇത്തരത്തില്‍ ഗുണ്ടായിസം കാണിച്ചവരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും വസന്ത പറഞ്ഞു. പാവപ്പെട്ട മറ്റാര്‍ക്ക് ഭൂമി വിട്ടു നല്‍കിയാലും രാജന്റെയും അമ്പിളിയുടെയും കുടുംബത്തിന് നല്‍കില്ലെന്നും വസന്ത വ്യക്തമാക്കി.

രാജനും അമ്പിളിയും മരണപ്പെട്ടതിന് പിന്നാലെ കേസില്‍ നിന്നും പിന്മാറുമെന്നും സ്ഥലം അവരുടെ മക്കള്‍ക്ക് നല്‍കുമെന്നും വസന്ത ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് കേസുമായി മുന്നോട്ട് പോകുമെന്ന് നിലപാട് തിരുത്തുകയായിരുന്നു.

അതേസമയം വസന്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് വസന്തയുടെ ഇടപെടല്‍ മൂലമാണെന്ന് നേരത്തെ മരണപ്പെട്ട രാജന്‍അമ്പിളി ദമ്പതികളുടെ മക്കള്‍ ആരോപിച്ചിരുന്നു.