കോഴിക്കോട്: നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. മൃതദേഹം തിങ്കളാഴ്ച്ചവരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അതേസമയം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കുമുന്നില്‍ പ്രതിഷേധിച്ചു.

ബന്ധുക്കളുടെ അപേക്ഷ പ്രകാരം തിങ്കഴാഴ്ച്ചവരെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു. കുപ്പു സ്വാമിയുടേയും അജിതയുടേയും ബന്ധുക്കള്‍ സംഭവം വ്യാജഏറ്റുമുട്ടലാണെന്ന് ആരോപിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ മൃതദേഹം സൂക്ഷിക്കുമെന്നും അതിനുശേഷം മറ്റു പരിപാടികള്‍ ആലോചിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നും അവിചാരിതമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ പറഞ്ഞു. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായിരിക്കെയാണ് മലപ്പുറം എസ്പിയുടെ വിശദീകരണം. വ്യാഴാഴ്ച്ചയാണ് നിലമ്പൂരില്‍ പടുക്ക വനമേഖലയില്‍ രണ്ടുപേര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്.