കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്നുള്ള വാര്‍ത്തകളും സോഷ്യല്‍മീഡിയയിലൂടെയുള്ള പ്രചാരണങ്ങളും സംസ്ഥാനത്തെ പഴവര്‍ഗ വില്‍്പന നാല്പത് ശതമാനം കുറഞ്ഞെന്ന് ആള്‍ കേരള ഫ്രൂട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. മാമ്പഴ വില്‍പനയിലാണ് കൂടുതല്‍ കുറവുണ്ടയാത്. ജില്ലയില്‍ മാത്രം 75 ശതമാനം കുറഞ്ഞെന്നും സംസ്ഥാന പ്രസിഡന്റ് പി.വി.ഹംസ പറഞ്ഞു.

കേരളത്തിലെത്തിക്കുന്ന പഴവര്‍ഗങ്ങളില്‍ 95 ശതമാനവും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണെന്നും, വവ്വാലുകളോ പക്ഷിമൃഗാദികളോ കടിച്ചവ വിപണനത്തിനെത്തിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. റമസാന്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ സജീവമാവാറുള്ള പഴവര്‍ഗ വിപണി അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ കാരണം തളര്‍ച്ചയിലാണ്. ലോഡ് കണക്കിന് മാമ്പഴം വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്ന സാഹചര്യം കാരണം പല വ്യാപാരികളും പകുതി വിലയ്ക്കാണ് വില്‍കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച പഴങ്ങള്‍ ഒരുകാരണവശാലും വില്പന നടത്തരുതെന്ന് അസോസിയേഷന്‍, അംഗങ്ങളായ വ്യാപാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധനക്ക് വിധേയമാക്കി മാത്രമെ മാമ്പഴ വണ്ടികള്‍ സംസ്ഥാനത്തേക്ക് കടത്തിവിടാവൂവെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് സി.ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ടി.സി നാസര്‍ എന്നിവരും സംബന്ധിച്ചു.