Connect with us

Culture

നിപ്പ വൈറസ്: മെഡിക്കല്‍ കോളജിലെ നിയന്ത്രണങ്ങള്‍ വിവാദമായി; ഭാഗികമായി പിന്‍വലിച്ചു

Published

on

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുളള ചികിത്സയിലുള്ള രോഗികളെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള മെഡിക്കല്‍ കോളജ് അധികൃതരുടെ നീക്കം വിവാദമായി. അത്യാഹിത വിഭാഗത്തില്‍ മാത്രം രോഗികള്‍ക്ക് പ്രവേശനം നല്‍കാനും നിലവില്‍ ചികില്‍സയില്‍ തുടരുന്നവരെ ഡിസ്ചാര്‍ജ് ചെയ്യാനുമായിരുന്നു പ്രിന്‍സിപ്പലിന്റെ ഉത്തരവ്. ഓപ്പറേഷന് തിയതി നിശ്ചയിച്ച് കാത്തിരിക്കുന്നവരെയും പറഞ്ഞു വിടാനായിരുന്നു നീക്കം. പരാതി ശക്തമായതോടെ നിയന്ത്രണം ഭാഗികമായി പിന്‍ലിച്ച് അധികൃതര്‍ മലക്കം മറിഞ്ഞു.

നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാനും മുന്‍ കരുതലെടുക്കാനും മെഡിക്കല്‍ കോളജിലുണ്ടായ വീഴ്ചയാണ് രോഗം പകരാനും പത്തോളം പേര്‍ മരിക്കാനും കാരണമായത്. ഈ അനാസ്ഥയുടെ പാപഭാരം ഇറക്കിവെക്കാന്‍ ലക്ഷ്യമിട്ടാണ് രോഗികളെ വഴിയാധാരമാക്കി പരിഭ്രാന്തി സൃഷ്ടിക്കുന്ന തീരുമാനം വന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്ക് ശേഷമാണ് നടപടിയെന്നാണ് വിശദീകരിച്ചതെങ്കിലും വൈകാതെ തിരുത്തി.

റഫറല്‍ കേസുകള്‍ക്കു നിയന്ത്രണമില്ലെന്നു കോളജ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പന്ത്രണ്ടു പേരാണു രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ നിലയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്.

എന്നാല്‍, നിപ്പ വ്യാപകമായി പടര്‍ന്നതോടെ രോഗികള്‍ സ്വമേധയാ മെഡിക്കല്‍ കോളജിലേക്ക് പോകുന്നത് ഒഴിവാക്കുന്നുണ്ട്. പ്രതിദിനം ആയിരത്തിലേറെ പേര്‍ എത്താറുളള ഒ.പിയില്‍ ഇന്നലെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ചികിത്സക്ക് എത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending