നിപ വൈറസിന്റെ ആശങ്കയില്‍ വിദേശ രാജ്യങ്ങളും. കേരളത്തില്‍ നിന്നും യുഎഇയില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കുമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം. കേരളത്തില്‍ നിപ്പാ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തിലാണ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. യാത്രക്കാരില്‍ രോഗലക്ഷണം സംശയിക്കുന്നവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണത്തെ തുടര്‍ന്ന് കടുത്ത പരിശോധനാ നടപടികള്‍ ഉണ്ടാകില്ലന്നും യുഎഇ അറിയിച്ചു.

നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഇന്നു മുതല്‍ യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തി. കേരളത്തില്‍ നിപ വൈറസ് ബാധ സംബന്ധിച്ച ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച നിര്‍ദേശപ്രകാരമാണ് നടപടിയെന്നും യുഎഇ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. നിരോധനം കേരളത്തിന് പുറമേ തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ തീരുമാനം യുഎഇയുടെ 100 ടണ്‍ ഓളം വരുന്ന പഴം പച്ചക്കറി ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപോര്‍ട്ട്.
സാധാരണ ദിവസങ്ങളില്‍ 130 മുതല്‍ 150ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്നു കയറ്റിപ്പോകുന്നത്. ഇതേ രീതിയില്‍ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും കയറ്റുമതി നടക്കുന്നുണ്ട്.

ശീതീകരിച്ച കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് വന്‍ ഡിമാന്റാണ്. കേരള ഓര്‍ഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ കുവൈത്ത്, ഖത്തര്‍, യു.എ.ഇ. സൗദി, ഒമാന്‍, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലെത്തുന്നത്. കേരളത്തിലെ ആഭ്യന്തര വിപണിയിലും നോമ്പകാലമായിട്ടും പഴങ്ങള്‍ക്ക് വിലയിടിഞ്ഞിരുന്നു. നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകളാണെന്നും വവ്വാല്‍ കഴിച്ചതിന്റെ ബാക്കി പഴങ്ങള്‍ മനുഷ്യര്‍ കഴിച്ചതിലൂടെയാണ് വൈറസ് പടര്‍ന്നതെന്നുമായിരുന്നു ആദ്യ നിഗമനം.