X
    Categories: CultureMoreViews

എന്‍.ഡി.എ വീണ്ടും പിളര്‍പ്പിലേക്ക്; ബീഹാറിന് പ്രത്യേകപദവി വേണമെന്ന നിലപാടിലുറച്ച് നിതീഷ് കുമാര്‍

ഡല്‍ഹി: ബീഹാറിന് പ്രത്യേകപദവിയെന്ന ആവശ്യം ശക്തമാക്കി ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ രംഗത്ത് വന്നതോടെ എന്‍.ഡി.എ വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന. നേരത്തെ ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി മുന്നണി വിട്ടത്. ബീഹാറിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നിതീഷ് കുമാറും എന്‍.ഡി.എ വിട്ടേക്കുമെന്നാണ് സൂചന.

2000-ലെ സ്‌റ്റേറ്റ് റെക്കഗ്നിഷന്‍ ആക്ട് പ്രകാരം ബീഹാറിന് പ്രത്യേകപദവിക്ക് അര്‍ഹതയുണ്ടെന്നാണ് നിതീഷ് അവകാശപ്പെടുന്നത്. സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ദേശീയ ശരാശരിയെക്കാള്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകപദവിക്ക് അര്‍ഹതയുണ്ടെന്നാണ് നിതീഷിന്റെ വാദം. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ ശേഷം ബീഹാറിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ആര്‍.ജെ.ഡി ആരോപിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ കൂടിയാണ് പുതിയ ആവശ്യം നിതീഷ് കുമാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിനെതിരെ വിമര്‍ശനവുമായി നിതീഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. എത്രപേര്‍ക്ക് നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായി എന്ന് ചോദിച്ച നിതീഷ് സമ്പന്നരെ സംരക്ഷിക്കുന്ന ബാങ്കുകള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. നോട്ട് നിരോധനത്തെ ആദ്യഘട്ടത്തില്‍ പിന്തുണച്ചിരുന്ന നിതീഷ് കുമാറിന്റെ തകിടം മറിച്ചില്‍ ബി.ജെ.പിക്കുള്ള മുന്നറിയിപ്പാണെന്ന് സൂചനയുണ്ടായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: