പട്‌ന: ബിഹാറില്‍ ജെഡിയു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അണികളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. അണികളില്‍ ചിലര്‍ ലാലു യാദവ് സിന്ദാബാദ് എന്ന് മുദ്രാവാക്യം ഉയര്‍ത്തിയതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്.

ആര്‍ജെഡി വിട്ട് ജെഡിയുവില്‍ ചേര്‍ന്ന ചന്ദ്രിക റായ്ക്ക് വേണ്ടി നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. ലാലുവിന്റെ അടുത്ത സഹായിയായിരുന്ന ചന്ദ്രിക റായി അടുത്തിടെയാണ് ജെഡിയുവില്‍ ചേര്‍ന്നത്. ചന്ദ്രിക റായിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ നിതീഷ് പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്ന് ലാലു യാദവ് സിന്ദാബാദ് വിളികള്‍ ഉയര്‍ന്നു.

ഇതോടെ പ്രകോപിതനായ നിതീഷ് എന്ത് വിഡ്ഢിത്തമാണ് പറയുന്നത് എന്ന് സദസ്യരോട് ചോദിച്ചു. ഇത്തരം വിഡ്ഢിത്തരം വിളിച്ചുകൂവുന്നവര്‍ കൈ ഉയര്‍ത്തൂ എന്നായി നിതീഷ് കുമാറിന്റെ അടുത്ത വാക്കുകള്‍. പിന്നാലെ അണികള്‍ ഒന്നടങ്കം നിശബ്ദരായി.

തുടര്‍ന്ന് എനിക്ക് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ചെയ്യരുത്, എന്നാല്‍ ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ഇവിടെയെത്തിയത്, അയാള്‍ക്കുള്ള വോട്ടുകള്‍ ഇല്ലാതാക്കരുതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

1