കൊച്ചി: അതിവേഗ 25 കോടിയുടെ കലക്ഷന്‍ മറികടന്ന പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ സിനിമാപ്രേമികളെ അതിശയിപ്പിക്കുന്നതായിരുന്നു. എന്നാല്‍ പുലിമുരുകന്റെ ടീസറിലെ ഒരു ഫ്രെയിം സ്‌ക്രീന്‍ഷോട്ട് എടുത്തുകാട്ടി ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിനെവെച്ച് ചെയ്തതാണെന്ന വാദവുമായി ഒരു വിഭാഗമെത്തിയിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും ഡ്യൂപ്പിനെ കൊണ്ടുവരുന്ന കാര്യം ലാല്‍ എതിര്‍ത്തിരുന്നതായി ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ തന്നെ പറഞ്ഞിരുന്നു. പീറ്ററിന്റെ വാക്കുകള്‍ സത്യമായിരുന്നുവെന്ന് തെളിയിക്കുന്നതിന് മുരുകനിലെ ചില രംഗങ്ങള്‍ ഉയര്‍ത്തികാട്ടി ലാല്‍ ആരാധകരും രംഗത്തുവന്നു.

പുലിമുരുകന് മുമ്പ് മോഹന്‍ലാല്‍ അഭിനയിച്ച പ്രിയദര്‍ശനം ചിത്രം ഒപ്പത്തിന്റെ എഡിറ്റ് ചെയ്യാത്ത ഒരു ഷോട്ട് ഇപ്പോള്‍ വൈറലാവുകയാണ്. അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ നിലത്തെ നനവുള്ള പ്രതലത്തിലൂടെ നടക്കവെ തെന്നിവീഴുന്ന രംഗമാണ് വൈറലാകുന്നത്. സ്വാഭാവികമായ ഈ അഭിനയമാണ് ലാലിനെ സൂപ്പര്‍സ്റ്റാറാക്കുന്നതെന്നാണ് ആരാധകരുടെ ഭാഷ്യം.