സോള്‍: ആണവ സമ്പന്ന രാഷ്ട്രമായ ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങുന്‍ നിലപാടില്‍ അയവു വരുത്തുന്നു.

ശീതകാല ഒൡപിക്‌സിനു മുന്നോടിയായി ഉത്തരകൊറിയന്‍ പ്രത്യേക സംഘത്തെ ദക്ഷിണ കൊറിയയിലേക്ക് അയച്ചാണ് നിലപാടില്‍ മാറ്റം വരുത്തിയത്. ഒളിംപിക്‌സില്‍ ഉത്തരകൊറിയന്‍ താരങ്ങള്‍ പങ്കെടുക്കാന്‍ നേരത്തെ കിം ജോങുന്‍ അനുമതി നല്‍കിയിരുന്നു. നീണ്ട ഇടവേളക്കു ശേഷമാണ് ഉത്തരകൊറിയന്‍ സംഘം ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്.

നേരത്തെ പ്രത്യേക സംഘത്തിന്റെ സന്ദര്‍ശനം റദ്ദാക്കാന്‍ ഉത്തരകൊറിയ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് സംഘത്തെ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. വേദികള്‍ പരിശോധിക്കുന്നതിന് ഏഴംഗസംഘം ഇന്നലെ ദക്ഷിണകൊറിയയില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇന്നത്തേക്ക് മാറ്റി.

വേദിയെപ്പറ്റിയും സുരക്ഷാ കാര്യങ്ങളെക്കുറിച്ചും ഉത്തരകൊറിയ നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കും. ഒളിംപിക്‌സ് മാര്‍ച്ചില്‍ ഐക്യ കൊറിയയുടെ പതാകക്കു കീഴില്‍ അണി നിരക്കാനും വനിതാ ഐസ് ഹോക്കി മത്സരത്തില്‍ സംയുക്ത ടീമിനെ ഇറക്കാനും ഇരുകൊറിയകളും തീരുമാനിച്ചിട്ടുണ്ട്.