സോള്‍: കനത്ത മൂടല്‍മഞ്ഞിന്റെ മറവില്‍ ഉത്തരകൊറിയന്‍ സൈനികന്‍ ദക്ഷിണകൊറിയയിലേക്ക് കൂറുമാറി. അതിര്‍ത്തിയില്‍ ഇയാളെ തെരയാനിറങ്ങിയ ഉത്തരകൊറിയന്‍ സൈനികര്‍ക്കുനേരെ ദക്ഷിണകൊറിയന്‍ സൈനികര്‍ മുന്നറിയിപ്പെന്ന നിലയില്‍ വെടിവെച്ചു.
ഈ വര്‍ഷം ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയന്‍ സൈനികര്‍ കൂറുമാറുന്ന നാലാമത്തെ സംഭവമാണിത്. ഉത്തരകൊറിയയിലെ സാമ്പത്തിക അരക്ഷിതാവസ്ഥയാണ് സൈനികരെയും പൗരന്മാരെയും കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈവര്‍ഷം അതിര്‍ത്തിയിലെ സൈനികരഹിത മേഖലയിലൂടെയും ദക്ഷിണ ചൈന കടലിലൂടെ കപ്പല്‍മാര്‍ഗവും ഉത്തരകൊറിയക്കാര്‍ രാജ്യത്തിന് പുറത്തുകടന്ന 15 സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകന്‍ സി വൂങ് കൂ പറയുന്നു. നവംബര്‍ 13ന് മറ്റൊരു ഉത്തരകൊറിയന്‍ സൈനികന്‍ സംയുക്ത സുരക്ഷാ മേഖലയിലൂടെ കൂറുമാറിയിരുന്നു.
ഇരുരാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന പ്രദേശം വഴി അതിര്‍ത്തിക്ക് അപ്പുറത്തേക്ക് കടന്ന സൈനികനെ ഉത്തരകൊറിയക്കാര്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചെങ്കിലും അദ്ദേഹം ഇപ്പോള്‍ ദക്ഷിണകൊറിയന്‍ ആസ്പത്രിയില്‍ സുഖംപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സൈനികരഹിത മേഖലയിലൂടെ കൂറുമാറുന്ന ഉത്തരകൊറിയന്‍ സൈനികരുടെ എണ്ണം സമീപ കാലത്ത് കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് കൊറിയന്‍ വൃത്തങ്ങള്‍ പറയുന്നു.
Be the first to write a comment.