ന്യൂഡല്‍ഹി: റമസാനില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഭീകരരെ നേരിടാന്‍ ദേശീയ സുരക്ഷാ സേനയിലെ (എന്‍എസ്ജി) കമാന്‍ഡോകളെ നിയോഗിക്കും. ഇവരെ ശ്രീനഗര്‍ വിമാനത്താവളം ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകളില്‍ വിന്യസിക്കും.

ഭീകരരോട് വിട്ടുവീഴ്ചയില്ലെന്നു വ്യക്തമാക്കിക്കൊണ്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലുമായിരുന്ന കെ. വിജയകുമാറിനെ കഴിഞ്ഞ ദിവസം ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസേനാ തലവനായിരുന്ന വിജയകുമാര്‍ കശ്മീരില്‍ മുമ്പു പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍, കരസേന, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയാണു ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കശ്മീരില്‍ നേതൃത്വം നല്‍കുന്നത്. ഇനി എന്‍എസ്ജി കമാന്‍ഡോകള്‍ കൂടി വരുന്നതോടെ സുരക്ഷ കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തപ്പടുന്നത്.
ആദ്യഘട്ടത്തില്‍ നൂറു പേരുള്‍പ്പെട്ട സംഘത്തെയാണു വിന്യസിപ്പിക്കുക. ഉന്നം തെറ്റാതെ വെടിവയ്ക്കുന്നതില്‍ വിദഗ്ധരായ രണ്ടു ഡസന്‍ കമാന്‍ഡോകള്‍ ശ്രീനഗറില്‍ നിലയുറപ്പിക്കും.