പനമരം: വീട്ടിലെത്തുന്ന അതിഥികള്‍ സന്തോഷവും ആശ്ചര്യവുമാണ് സമ്മാനിക്കുക. എന്നാലിന്നലെ പനമരം പരക്കുനിയില്‍ വാളകുളത്തില്‍ ബാവ ഷാനവാസിന്റെ വീട്ടിലെത്തിയ അതിഥിയെ കണ്ട് വീട്ടുകാരും അയല്‍വാസികളും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ മുമ്പിലേക്കെത്തിയ മുതലക്കുട്ടിയാണ് ഇന്നലെ പരക്കുനിയില്‍ താരമായത്. അപ്രതീക്ഷിതമായെത്തിയ മുതലക്കുഞ്ഞിനെകണ്ട് കുട്ടികള്‍ ബഹളം വെച്ചതോടെ വീട്ടുകാരും അയല്‍വാസികളും എത്തുകയായിരുന്നു. തൊട്ടടുത്തെ വയലില്‍ നിന്നാവണം മുതലക്കുഞ്ഞ് വീട്ടിലെത്തിയതെന്നാണ് ഷാനവാസ് കരുതുന്നത്. പനമരം പുഴയില്‍ നേരത്തേ മുതലയെ കണ്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ആദ്യത്തെ ഞെട്ടലിനും അമ്പരപ്പിനും ശേഷം വീട്ടുടമസ്ഥന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ മുതലക്കുഞ്ഞിനെ ഏറ്റെടുത്തു. മുതലക്കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുയെങ്കിലും ഇനി ഏതെങ്കിലും ദിവസം അമ്മ മുതല വീട്ടിലെത്തിയേക്കുമോ എന്ന ആശങ്കയിലാണ് ഷാനവാസും കുടുംബവും.