കൊച്ചി: കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളായ ഓബറോണ്‍ മാള്‍ അടച്ചുപൂട്ടി. കോര്‍പ്പറേഷന്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. അടുത്തിടെയുണ്ടായ അഗ്നിബാധയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തരമായി മാളിലൊരുക്കണമെന്നും അതുവരെ മാള്‍ അടച്ചിടണമെന്നും ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍, മാള്‍ നടത്തിപ്പുകാര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി.

0664f069e386169c153f8f40008f9298

എന്നാല്‍ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും മാള്‍ അധികാരികള്‍ പ്രവര്‍ത്തനം തുടര്‍ന്നതാണ് അടച്ചുപൂട്ടലിനു കാരണമായത്. സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെ മാള്‍ പ്രവര്‍ത്തിക്കുന്നതായി സൂചിപ്പിച്ച് വാര്‍ത്തകള്‍ വന്നതോടെ ഹൈക്കോടതിയും ഇടപ്പെട്ടു. സംഭവത്തെക്കുറിച്ച് ഹൈക്കോടതി കോര്‍പ്പറേഷനില്‍ നിന്ന് വിശദീകരണം തേടി. കോര്‍പ്പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിച്ചു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി തന്നെ ഹൈക്കോടതിയില്‍ ഹാജരായി സംഭവം വിശദീകരിക്കുകയും ചെയ്തു.