ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ആറും കര്‍ണാടകയില്‍ അഞ്ചും കേരളത്തിലും ഗുജറാത്തിലും നാലു വീതവും പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 170ലെത്തി.

മഹാരാഷ്ട്രയില്‍ മാത്രം 54 പേര്‍ ചികിത്സയിലുണ്ട്. ഡല്‍ഹിയില്‍ ഇതുവരെ 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 19 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗവ്യാപനം ശക്തമായതോടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി. സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി.

ഒമിക്രോണ്‍ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധം. യാത്രക്കാര്‍ പരിശോധനക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും സുവിധ പോര്‍്ട്ടലില്‍ ഇതിനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്ര വ്യോമയാനാ മന്ത്രാലയം വ്യക്തമാക്കി.

ഡല്‍ഹി, മുംബൈ, കൊ ല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയത്. സാധാരണ ആര്‍.ടി.പി.സി.ആറിന് 500 രൂപയാണ് നിരക്ക്. എട്ട് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പെട്ടെന്ന് ഫലം ലഭിക്കുന്ന റാപിഡ് ആര്‍.ടി.പി.സി.ആറിന് 3500 രൂപയാണ് നിരക്ക്.യാത്രക്കാര്‍ക്ക് മറ്റു പ്രയാസങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാല്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും നിര്‍ദേശം വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.