ബീജിങ്: ചൈനയില്‍ മൂന്നു വര്‍ഷത്തിനിടെ അഴിമതിക്ക് ശിക്ഷിക്കപ്പെട്ടത് പത്തു ലക്ഷത്തിലേറെ കമ്മ്യൂണിസ്റ്റ് ഭാരവാഹികളെന്ന് റിപ്പോര്‍ട്ട്.

പീപ്പിള്‍സ് ഡെയ്‌ലിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബീജിങില്‍ തിങ്കളാഴ്ച ആരംഭിച്ച നാലു ദിവസത്തെ പാര്‍ട്ടി പ്ലീനവുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രസിഡന്റ് ഷി ചിന്‍പിങിനെ കരുത്തുറ്റ നേതാവായി അവരോധിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.

1980നു മുമ്പുണ്ടായിരുന്ന ഏകവ്യക്തി നിയന്ത്രണത്തിലേക്ക് പാര്‍ട്ടി അധഃപതിക്കുന്നതിന്റെ ഭാഗമാണ് ഇത്തരമൊരു നടപടിയെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആരോപിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായാണ് പ്ലീനം ചേര്‍ന്നത്.

ഷി ചിന്‍പിങിനെ പ്രസിഡന്റ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് വീണ്ടും തെരഞ്ഞെടുക്കുമെന്നാണ് സൂചന.

കാലാവധി പത്തുവര്‍ഷം

പ്രസിഡന്റിന്റെ കാലാവധി പത്തു വര്‍ഷം എന്നത് എട്ടുത്തുകളയാനും നീക്കമുണ്ട്. ഇത് ഭരണകാലാവധിയായ പത്തുവര്‍ഷം കഴിഞ്ഞും ഷി ജിന്‍പിങിനെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതാണ്.