മലപ്പുറം: മുന്നറിയിപ്പില്ലാതെ റേഷന്‍ നിര്‍ത്തലാക്കിയ നടപടി കടുത്ത ജനദ്രോഹമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിനെതിരെ വ്യാപകമായ പരാതികളാണുള്ളത്. അതിനാല്‍ പരാതികള്‍ നല്‍കാനുള്ള തിയ്യതി നീട്ടുന്നതോടൊപ്പം അടിയന്തര പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധൃതിപ്പെട്ട് ഇറക്കിയതിനാലാണ് ഇത്രയും പരാതികള്‍ക്കിടയാക്കിയത്. നിരവധി അര്‍ഹര്‍ ലിസ്റ്റില്‍ നിന്നും പുറത്താണ്. അതുകൊണ്ടുതന്നെ പരാതിക്കാര്‍ ഏറെയാണ്. പാവപ്പെട്ടവരാണിവരെല്ലാം. കഴിഞ്ഞ ദിവസങ്ങളില്‍ സിവില്‍ സപ്ലൈസ്, താലൂക്ക് ഓഫിസുകളില്‍ അനുഭവപ്പെടുന്ന പരാതി പ്രവാഹം ഗൗരവതരമാണ്. മണിക്കൂറുകളാണ് ജനങ്ങള്‍ ക്യൂവില്‍ നില്‍ക്കുന്നത്. തിയ്യതി നീട്ടിയാല്‍ മാത്രമേ പരാതികള്‍ നല്‍കാന്‍ കഴിയൂ. ഇപ്പോഴത്തെ സ്ഥിതി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നതിനാല്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ തളര്‍ന്നു വീഴുകയാണ്.
ഇന്നലെ മുതല്‍ വില്ലേജ് ഓഫീസുകളിലും മുനിസിപ്പല്‍, പഞ്ചായത്തുകളിലും പരാതികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായിട്ടില്ല. ജനങ്ങളെ വളരെയേറെ പ്രയാസപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. അര്‍ഹരായ എല്ലാവരെയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണം. ലിസ്റ്റിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കുറ്റമറ്റതാക്കുന്നത് സര്‍ക്കാര്‍ ലാഘവത്തോടെകാണുന്നത് പ്രത്യാഘാതങ്ങളുളവാക്കും.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇപ്പോള്‍ പാവപ്പെട്ടവരുടെ കഞ്ഞികുടി തന്നെ മുട്ടിച്ചിരിക്കുന്നു. കേന്ദ്രത്തിനു മുന്നില്‍ സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുയാണ്. കേന്ദ്രവും സംസ്ഥാനവും പാവപ്പെട്ടവരെ അങ്ങേയറ്റം ദ്രോഹിക്കുന്നത് തിരുത്തണം.
ഭക്ഷ്യസുരക്ഷാ നയം നടപ്പാക്കുമ്പോള്‍ സ്വീകരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാതെയാണ് ലിസ്റ്റ് പുറത്തിറക്കിയത്. റേഷന്‍ വ്യാപാരികള്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ചത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to write a comment.