തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷ തീരുമാനം. വ്യവസായ മന്ത്രിസ്ഥാനത്തു നിന്ന് ഇ.പി ജയരാജന്‍ രാജി പ്രഖ്യാപിച്ചെങ്കിലും നിയമനവിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇക്കാര്യം നിയമസഭക്കകത്തും പുറത്തും ഉന്നയിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. എന്നാല്‍ അധികാരത്തിലേറിയ നാലു മാസം കൊണ്ട് അഴിമതി ആരോപണത്തില്‍ ഒരു മന്ത്രി പുറത്തു പോകുന്നതു ഭരണപക്ഷത്തെ പ്രതികൂട്ടിലാക്കുന്നുണ്ടെങ്കിലും മന്ത്രി രാജിവെച്ചതു രാഷ്ട്രീയ ധാര്‍മികതക്കു ഉദാഹരണമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. മന്ത്രി രാജിവെച്ചതു കൊണ്ടു തീരുന്നതല്ല നിയമനവിവാദമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷം പറയുന്നത്. ഇക്കാര്യം ഉന്നയിച്ചുകൊണ്ടായിരിക്കും തിങ്കളാഴ്ച പ്രതിപക്ഷം നിയമസഭാ മാര്‍ച്ച് നടത്തുക. അതേസമയം തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ നിയമസഭക്കുള്ളില്‍ ഉന്നയിക്കപ്പെടേണ്ട കാര്യങ്ങള്‍ തീരുമാനിക്കും.