ന്യൂഡല്‍ഹി:വിവാദമായ മുത്തലാഖ് നിരോധന(മുസ്്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ)ബില്‍ പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് രാജ്യസഭയില്‍ വോട്ടിനിടാനായില്ല. ബില്ലിന്മേല്‍ ചര്‍ച്ച ആരംഭിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് കാരണം ഇന്നും ചര്‍ച്ച തുടരാന്‍ നിശ്ചയിച്ച് സഭ പിരിയുകയായിരുന്നു.

ബില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനക്ക് വിടണോ നേരിട്ട് വോട്ടിനിടണോ എന്നത് സംബന്ധിച്ചാണ് ഇന്നലെ ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ കക്ഷികളും ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചു. അതേസമയം ബില്‍ വോട്ടിനിട്ട് പാസാക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ സ്വീകരിച്ചത്.

ഇന്നലെ കാലത്ത് തന്നെ ബില്‍ പരിഗണനക്ക് വന്നപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് മറ്റ് നടപടികളിലേക്ക് കടന്ന സഭ വൈകീട്ട് 5.30നാണ് മുത്തലാഖ് ബില്‍ വീണ്ടും പരിഗണനക്ക് എടുത്തത്.

പ്രതിപക്ഷ അംഗങ്ങളായ ആനന്ദ് ശര്‍മ്മ, സുകേന്ദര്‍ ശേഖര്‍ റോയ് എന്നിവര്‍ ബുധനാഴ്ച സഭയില്‍ ഭേദഗതി നിര്‍ദേശം കൊണ്ടുവന്നത് ചട്ടപ്രകാരമല്ലെന്നും അതിനാല്‍ ഇവ തള്ളിക്കളയണമെന്നും കേന്ദ്ര സര്‍ക്കാറിനുവേണ്ടി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഭയില്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി. ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഏറെ പണിപ്പെട്ടാണ് അംഗങ്ങളെ ശാന്തരാക്കിയത്. ഭേദഗതി നിര്‍ദേശങ്ങള്‍ വന്നത് ചട്ടപ്രകാരമാണെന്നും ഇവ ചര്‍ച്ചക്കെടുക്കുമെന്നും ഉപാധ്യക്ഷന്‍ വ്യക്തമാക്കിയതോടെ ഭരണപക്ഷം ബഹളം തുടങ്ങി. ഇതിനിടെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥകളും ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയും സംബന്ധിച്ച് അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. മുത്തലാഖിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെടുന്ന പുരുഷന്‍ തന്നെ ഭാര്യക്ക് ജീവനാംശവും നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണ്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ പഠനത്തിന് സെലക്ട് കമ്മിറ്റിക്ക് വിടുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ന്ന് സംസാരിച്ച തൃണമൂല്‍ അംഗം ദെരക് ഒബ്രയാനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഒരുഘട്ടത്തില്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കണമെന്ന കാര്യത്തില്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും സാമാന്യ യുക്തിക്ക് നിരക്കാത്ത നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് ദെരക് ഒബ്രയാന്‍ വ്യക്തമാക്കി. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കില്‍ പിന്നെ എന്തിനാണ് ബില്ലിനെ എതിര്‍ക്കുന്നതെന്നും സെലക്ട് കമ്മിറ്റിക്ക് വിടാതെ സഭ പാസാക്കുകയല്ലേ വേണ്ടതെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.

അഭിപ്രായസമന്വയം ഇല്ലാത്ത സാഹചര്യത്തില്‍ ജി.എസ്.ടി ബില്‍ പരിഗണനക്കെടുക്കാമെന്ന് ചെയറിലുണ്ടായിരുന്ന പി.ജെ കുര്യന്‍ പറഞ്ഞു. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ എതിര്‍ത്തു. ലിസ്റ്റ് ചെയ്യപ്പെട്ട വിഷയത്തിലെ ചര്‍ച്ച പൂര്‍ത്തിയാക്കാതെ മറ്റൊരു വിഷയം പരിഗണനക്ക് എടുക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളി തുടങ്ങി. ബഹളം മൂര്‍ഛിച്ചതോടെ ഇന്ന് കാലത്ത് 11 മണിക്ക് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ച് സഭ പിരിയുകയായിരുന്നു.
ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഇതോടെ മങ്ങലേറ്റു. സഭാ സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ, പ്രതിപക്ഷത്തിന്റെ നിലപാട് നിര്‍ണായകമാകും. വെള്ളിയാഴ്ച സാധാരണ അംഗങ്ങള്‍ക്ക് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിനാണ് സമയം നല്‍കാറ്. പ്രത്യേക സാഹചര്യത്തില്‍ ഇവ റദ്ദാക്കി മറ്റ് വിഷയങ്ങള്‍ സഭക്ക് പരിഗണിക്കാം. എന്നാല്‍ ഇതിനെ പ്രതിപക്ഷം പിന്തുണക്കുമോ എന്നത് നിര്‍ണായകമാണ്. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്തത് തിരിച്ചടിയാകും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഉറച്ചുനില്‍ക്കുന്നതും സര്‍ക്കാറിന് തിരിച്ചടിയാണ്.