കൊച്ചി: കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പൊതുഗതാഗത സംവിധാനത്തെ കൈയൊഴിയുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.
കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടുണ്ട്. ഇനി ഒന്നും ചെയ്യാനില്ല. പെന്‍ഷന്‍ കൊടുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിയമപരമായ ബാധ്യതയില്ല. എന്നിട്ടും പരമാവധി സഹായിക്കുകയും 1984 മുതല്‍ പെന്‍ഷന്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോര്‍പ്പറേഷന് 2015 മുതല്‍ സര്‍ക്കാര്‍ സഹായം നല്‍കി വരികയാണ്. നിലവില്‍ ഓരോ മാസവും 30 കോടി രൂപ എന്ന തോതിലാണ് സഹായം നല്‍കുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോകാനാവില്ല- സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്ത്യയില്‍ ഒരു റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും സ്വന്തം വരുമാനത്തില്‍ നിന്നെടുത്ത് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ലെന്നും പെന്‍ഷന്‍ വഴിയുള്ള സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും അസന്നിഗ്ധമായ നിലപാടാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പെന്‍ഷന്‍ നല്‍കാത്തതിനെതിരെ കെ.എസ്.ആര്‍.ടി.സിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലും കോടതിയലക്ഷ്യ ഹരജികളിലും നിരവധി വിധികളുണ്ടെന്നും ഇവ നടപ്പാക്കിയാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരെ സ്തംഭിക്കുമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വാദിക്കുന്നു.

അതേസമയം സര്‍ക്കാര്‍ നയങ്ങളാണ് കോര്‍പ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കിയതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ കെ.എസ്.ആര്‍.ടി.സി തിരിച്ചടിച്ചു. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കൊണ്ടുവരുന്ന നയങ്ങള്‍ കോര്‍പ്പറേഷനെ പ്രതിസന്ധിയിലാക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യാത്രാസൗജന്യങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ ഇതിനു വേണ്ടി പ്രത്യേക പദ്ധതിയോ സാമ്പത്തിക സഹായമോ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് എന്നതിനാല്‍ ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണമെന്നും കെ.എസ്.ആര്‍.ടി.സി കോടതിയില്‍ നിലപാടെടുത്തു.

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണെന്നും പെന്‍ഷന്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് ഹൈക്കോടതി നേരത്തെ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് ആരാഞ്ഞിരുന്നു. സര്‍ക്കാറില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കാത്തതിനെതുടര്‍ന്നാണ് പെന്‍ഷന്‍ മുടങ്ങുന്നതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതിനു മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പൊതുഗതാഗത സംവിധാനത്തെ സര്‍ക്കാര്‍ പൂര്‍ണമായി കൈയൊഴിഞ്ഞത്.

പെന്‍ഷന്‍ നല്‍കുന്നതിലെ വീഴ്ചയും ശമ്പളം വൈകുന്നതും ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍. ടി.സി ജീവനക്കാരും പെന്‍ഷനേഴ്‌സ് യൂണിയനും നേരത്തെതന്നെ പ്രക്ഷോഭ പാതയിലാണ്. സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാറിന്റെ പുതിയ നിലപാട് തൊഴിലാളി യൂണിയനുകളെ കൂടുതല്‍ പ്രകോപിപ്പിച്ചേക്കും. ഇത് വരും ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ ഇടയാക്കുമെന്നും വിലയിരുത്തലുണ്ട്.