കൊല്‍ക്കത്ത: ബ്രിഗേഡ് മൈതാനത്ത് പുതുചരിത്രം രചിച്ച് പ്രതിപക്ഷ കക്ഷികളുടെ വന്‍ റാലി. മമതാ ബാനര്‍ജി മുന്‍കൈ എടുത്ത് സംഘടിപ്പിച്ച പ്രതിപക്ഷ കൂട്ടായ്മ ബി.ജെ.പിക്കുള്ള താക്കീതായി. കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷത്തുനിന്നുള്ള 22 പാര്‍ട്ടികളാണ് റാലിയില്‍ അണിനിരന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അധികാരത്തിലെത്തുന്നത് തടയാന്‍ പ്രതിപക്ഷത്തിനാകുമെന്നതിന്റെ തെളിവായി മഹാറാലി.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ഉച്ചയ്ക്ക് 12ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ റാലിയില്‍ പങ്കെടുക്കാനെത്തി. രാവിലെ എട്ടു മണിയോടെ തന്നെ ഏഴു ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുളള ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് പ്രവര്‍ത്തകരെ കൊണ്ടു നിറഞ്ഞിരുന്നു. നേതാക്കള്‍ പ്രസംഗിച്ചുതുടങ്ങിയപ്പോഴും പ്രവര്‍ത്തകരുടെ ഒഴുക്ക് അവസാനിച്ചിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നില്ലെങ്കിലും മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, അഭിഷേക് സിങ്‌വി എന്നിവര്‍ പ്രതിനിധികളായി റാലിയില്‍ പങ്കെടുത്തു.