ഒമര്‍ ലുലു സംവിധാനം ചെയുന്ന പുതിയ ചിത്രമായ ഒരു അഡാര്‍ ലവിന്റെ ‘ഫ്രീക്ക് പെണ്ണെ ‘ എന്ന പുതിയ ഗാനം പുറത്തിറങ്ങിയതിനു പിന്നാലെ ഡിസ് ലൈക്കും ട്രോള്‍ മഴയും. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം രണ്ടുലക്ഷത്തി ഇരുപതിനായിരത്തിലധികം ഡിസ്‌ലൈക്കാണു ഗാനത്തിന് ലഭിച്ചത്. ഇന്നലെ വൈകിട്ട് യുട്യൂബിലാണ് ചിത്രത്തിന്റെ അണിയറക്കാര്‍ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനം റിലീസ് ചെയ്തത്. ഗാനം റിലീസ് ചെയ്ത് ആദ്യ പത്തു മണിക്കുറില്‍ തന്നെ ഒരു മില്യണ്‍ ആളുകളാണ് ഗാനം കണ്ടിരിക്കുന്നത്. ഒരു മലയാളഗാനം ഏറ്റവും വേഗത്തില്‍ പത്തുലക്ഷം പേര്‍ കാണുമെന്ന റെക്കോര്‍ഡും ഫ്രീക്ക് പെണ്ണെ എന്ന ഗാനം സ്വന്തമാക്കി.

ഗാനത്തിലെ വരികളും സംഗീതവും നൃത്തവുമെല്ലാം ഗാനത്തിന് ഡിസ്‌ലൈക്ക് കൂടാന്‍ കാരണമായിട്ടുണ്ടെന്നാണ് പ്രതികരണങ്ങളിലൂടെ സൂചിപ്പിക്കുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ നവാഗതരായ സത്യജിത്ത്, നീതു നടുവത്ത് എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.സത്യജിത്തിന്റെ തന്നെയാണു വരികള്‍. പ്രിയ വാര്യര്‍, റോഷന്‍ അബ്ദുള്‍, നൂറിന്‍ ഷരീഫ് എന്നിവാണു ഗാനരംഗങ്ങളില്‍ എത്തുന്നത്.

അതേസമയം പാട്ട് പ്രമേയമാക്കി നിരവധി ട്രോളുകളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ എത്തുന്നത്. ഗാനത്തിനിടയില്‍ പ്രേക്ഷകരെ ചിരിപ്പിച്ച പഴയ സിനിമാരംഗങ്ങളും കോമഡികളും കോര്‍ത്തിണക്കി പുതിയ വീഡിയോവരെ പുറത്തിറക്കി ആഘോഷിക്കുകയാണ് ട്രോളന്‍മാര്‍.

പുതുമുഖങ്ങളെ അണി നിരത്തി ഒമര്‍ലുലു ഒരുക്കുന്ന ചിത്രമാണു ഒരു അഡാറ് ലവ്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെയാണ് അഡാര്‍ലവ് എന്നചിത്രം ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഗാനരംഗങ്ങളിലെ നടി പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ വളരെയധികം ജനശ്രദ്ധകിട്ടിയിരുന്നു. കൂടാതെ പല വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങളും മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെ ഉയര്‍ന്നിരുന്നു.