ജമ്മു: കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും കുട്ടികളുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. റുബാന കൗസര്‍, ഇവരുടെ മകന്‍ ഫസാന്‍, ഒമ്പത് മാസം പ്രായമുള്ള മകള്‍ ഷബ്‌നം എന്നിവരാണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. റുബാനയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളില്‍ കഴിഞ്ഞ എട്ട് ദിവസമാണ് പാക്കിസ്ഥാന്‍ കടുത്ത ഷെല്ലാക്രമണം തുടരുകയാണ്. ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടന്നതോടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. മോര്‍ട്ടാറും ഹോവിറ്റ്‌സര്‍ പീരങ്കിയുമുപയോഗിച്ചാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.

ഒരാഴ്ചക്കിടെ 60 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇന്ത്യന്‍ സൈന്യം ആരോപിച്ചു. 70ലധികം സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും സൈന്യം വ്യക്തമാക്കി. അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായ പശ്ചാത്തലത്തില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തല്‍ക്കാലത്തേക്ക് അടച്ചിട്ടു.

നിയന്ത്രണ രേഖയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അനിശ്ചിതകാല അവധി നല്‍കിയത്. ഇവിടങ്ങളില്‍ പാക് ആക്രമണം ഭയന്ന് ഗ്രാമീണര്‍ വ്യാപകമായി കുടിയൊഴിഞ്ഞുപോകുന്നുമുണ്ട്. അതിര്‍ത്തി സംഘര്‍ഷം മൂര്‍ച്ചിച്ച പശ്ചാത്തലത്തില്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ്, വൈറ്റ് നൈറ്റ് കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ പരംജീത് സിങ് എന്നിവര്‍ രജൗരി സെക്ടറിലെ സൈനിക പോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തി. പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാനുള്ള ഒരുക്കങ്ങള്‍ ഇരുവരും വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.