ഇസ്‌ലാമാബാദ്: എട്ടു വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ വേറിട്ട പ്രതിഷേധവുമായി പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക. സാമാ ടെലിവിഷനിലെ വാര്‍ത്താവതാരക കിരണ്‍ നാസാണ് പ്രതിഷേധിച്ചത്. തന്റെ മകളെ മടിയിലിരുത്തി വാര്‍ത്ത അവതരിപ്പിച്ചാണ് പ്രതിഷേധം അറിയിച്ചത്.

ഇന്നു താന്‍ അവതരക കിരണ്‍ നാസല്ലെന്നും ഒരമ്മ മാത്രമാണെന്നും പറഞ്ഞു കൊണ്ടായിരുന്നു വാര്‍ത്താവതരണം ആരംഭിച്ചത്. അമ്മയായതിനാലാണ് എന്റെ മകള്‍ക്കൊപ്പം ഞാനിവിടെ ഇരിക്കുന്നത്. ചെറിയ ശവപ്പെട്ടികള്‍ ഏറ്റവും ഭാരമേറിയതാണ്. അവളുടെ ആ ചെരിയ ശവപ്പെട്ടി പാകിസ്താനെ ഒന്നടങ്കം പീഡിപ്പിക്കുകയാണെന്നും നാസ് പറഞ്ഞു.

രണ്ടു മിനിറ്റോളം നീണ്ടു നിന്ന അവതരണത്തില്‍ കുട്ടികള്‍ക്കു നേരെ ആക്രമണങ്ങള്‍ക്കെതിരെയും പീഡനങ്ങള്‍ക്കെതിരെയും ശക്തമായി പ്രതികരിച്ചു. അമ്മയുടെ മടിത്തട്ടില്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് സുരക്ഷയുള്ളതെന്ന് പറഞ്ഞപ്പോള്‍ കിരണ്‍ നാസിന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.

ഈ മാസം നാലിനാണ് ട്യൂഷന്‍ സെന്ററില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ എട്ടു വയസുകാരിയെ കാണാതായത്. മാതാപിതാക്കള്‍ ഉംറക്കു പോയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടി അപരിചിതനായ വ്യക്തിക്കൊപ്പം നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ കുടംബം പ്രചരിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെ കുട്ടിയെ മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ക്രൂരപീഡനത്തിനിരയായതായി കണ്ടെത്തി. ഇതൊരു കുട്ടിക്കെതിരെ മാത്രമുള്ള പീഡനമോ കൊലപാതകമോ അല്ല. സമൂഹത്തിന്റെ തന്നെ കൊലപാതകമാണിതെന്നും നാസ് പ്രതികരിച്ചു.

Watch Video: