പാലക്കാട്: ചെരുപ്പിനുള്ളില്‍ കഞ്ചാവും സിഗരറ്റും ഒളിപ്പിച്ചു ജില്ലാ ജയിലിലെ തടവുകാരനു കൈമാറിയ സന്ദര്‍ശകന്‍ പിടിയില്‍. ജയില്‍ അധികൃതരുടെ പരാതിയില്‍ മലപ്പുറം പൊന്നാനി കല്ലൂക്കാരന്‍ എ. സമീറിനെ (34) മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കാണു കഞ്ചാവു കടത്തിയ കേസില്‍ മലമ്പുഴയിലെ ജില്ലാ ജയിലില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ സമീര്‍ എത്തിയത്. സംശയം തോന്നി ജയില്‍ ഉദ്യോഗസ്ഥര്‍ ചെരുപ്പു മുറിച്ചു പരിശോധിച്ചപ്പോഴാണു 600 ഗ്രാം കഞ്ചാവും 40 സിഗരറ്റും കണ്ടെത്തിയത്.

തടവുകാരെ കാണാനെത്തുമ്പോള്‍ സന്ദര്‍ശകരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി ജയില്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കേണ്ടതുണ്ട്. ഇതു പരിശോധിച്ചാണു മലമ്പുഴ ഇന്‍സ്‌പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ പൊന്നാനിയില്‍ നിന്നു സമീറിനെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.