X

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലേക്ക് പൊലീസ് അതിക്രമം; വിടി ബല്‍റാമിന് തലക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലേക്ക് പൊലീസ് അതിക്രമം. പൊലീസിന്റെ അതിക്രമത്തില്‍ വിടി ബല്‍റാം എംഎല്‍എക്കും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബല്‍റാമിന്റെ തലക്ക് പരിക്കേറ്റുവെന്നാണ് വിവരം.

ബല്‍റാമാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. അതിനിടയില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് യൂത്ത്‌കോണ്‍ഗ്രസ്, യുവമോര്‍ച്ച സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചുമുണ്ടായി. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവജനസംഘടനകളുടെ പ്രതിഷേധം.

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യം എന്‍ഐഎ ഓഫീസിലേക്ക് എത്തിയത്. യൂത്ത്‌കോണ്‍ഗ്രസിന്റെ മാര്‍ച്ച് പോലീസ് എന്‍ഐഎ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെയാണ് യുവമോര്‍ച്ച പ്രതിഷേധവുമായി എന്‍ഐഎ ഓഫീസിലേക്ക് എത്തിയത്. ഇതും പോലീസ് തടഞ്ഞു. ഇതോടെ യുവമോര്‍ച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇന്ന് രാവിലെയാണ് മന്ത്രി കെ.ടി. ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തിയത്. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. പുലര്‍ച്ചെ ആറോടെ സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്.

സ്വര്‍ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റെ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയമെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ഇഡി മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

 

chandrika: