ജറുസലം: അമേരിക്കയിലെ വാഷിങ്ടണില്‍ സ്ഥിതി ചെയുന്ന ഫലസ്തീന്‍ ലിബറേഷന്‍ ഓഫീസ്(പി.എല്‍.ഒ ) അടച്ചു പൂട്ടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിമെതിരെ ശക്തമായി ഫലസ്തീന്‍ രംഗത്ത്‌. ഓഫീസ് അടച്ചു പൂട്ടുകയാണെങ്കില്‍ അമേരിക്കമായുള്ള എല്ലാ ബന്ധവും ഫലസ്തീന്‍ അവസാനിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക സന്ദേശം ഫലസ്തീന്‍ യു.എസിന് കൈമാറി.
പി.എല്‍.ഒ ഓഫീസ് അടച്ചുപൂട്ടാന്‍ യു.എസ് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. ഇതാദ്യമായാണ് ഓഫീസ് തുറന്നതിനുശേഷം ഇത്തരത്തിലുള്ള ഒരു തീരുമാനം യു.എസില്‍ നിന്നും ഇണ്ടാവുന്നത്.പശ്ചിമേഷ്യന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള അന്തിമഘട്ടത്തിലേക്ക് കടക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ഒരു തീരുമാനം യു.എസ് കൈക്കൊള്ളാന്‍ ട്രംപ് ഭരണകൂടത്തിന്‍മേല്‍ ഇസ്രായേലിന്റെ സമ്മര്‍ദ്ദമാണെന്ന് പി.എല്‍.ഒ ഓഫീസ് സെക്രട്ടറി ജനറല്‍ സായെബ രികാത് പറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാവാനുള്ള ഫലസ്തീന്‍ നീക്കത്തെ തുടര്‍ന്നാണ് പി.എല്‍.ഒ ഓഫീസ് അടച്ചു പൂടാനുള്ള യു.എസിന്റെ നീക്കം. അംഗത്വം ലഭിച്ചാല്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍, അനധികൃത കുടിയേറ്റം തുടങ്ങിയവയെക്കുറിച്ച് അന്വേഷണം ആവിശ്യപ്പെട്ടും എന്നത് മുന്നില്‍ കണ്ടാണ് അമേരിക്കയുടെ നീക്കം.

1994ലാണ് പി.എല്‍.ഒ ഓഫീസ് യു.എസില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ആറുമാസം മാത്രം ലൈസന്‍സുള്ള ഓഫീസ് ഓരോ ആറുമാസം കൂടുമ്പോഴും ലൈസന്‍സ് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പുതുക്കി നല്‍ക്കാറാണ് പതിവ്. നിലവിലെ ലൈസന്‍സ് നവംബറില്‍ അവസാനിക്കാനിരിക്കെയാണ് വിദേശകാര്യ മന്ത്രാലയം ഓഫീസ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

നേരത്തെ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് സെപ്തംബറില്‍ തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിന് ഐ.സി.സിയെ സമീപിക്കുമെന്ന് യു.എന്നില്‍ പ്രഖ്യാപിച്ചിരുന്നു.