മലപ്പുറം: പ്രശ്‌ന കലുഷിതമായ വര്‍ത്തമാനകാല സാഹചര്യത്തില്‍ സഹവര്‍ത്തിത്വത്തിന്റെ തണല്‍ വിരിച്ച് പാണക്കാട് കൊടപ്പനക്കല്‍ കുടുംബം സംഘടിപ്പിച്ച മാനവമൈത്രി സംഗമം ശ്രദ്ധേയമായി. സഹിഷ്ണുതയും സാഹോദര്യവും വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന കാലത്ത് സ്‌നേഹവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു. മതങ്ങളെ വിദ്വേഷത്തിന്റെ വേദിയാക്കുന്നവര്‍ അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാത്തവരാണെന്ന് സംഗമം ചൂണ്ടിക്കാട്ടി.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യം ഏതെങ്കിലും മതത്തിനോ സംഘടനക്കോ തീറെഴുതപ്പെട്ടതല്ല. വ്യത്യസ്ത വിഭാഗങ്ങളും മതങ്ങളിലുമായിരുന്നവര്‍ ഒന്നിച്ച് അധിനിവേശ ശക്തികളെ പരാജയപ്പെടുത്തി നേടിയെടുത്തതാണ് സ്വാതന്ത്ര്യം. ഈ ഐക്യവും കെട്ടുറപ്പുമാണ് പ്രധാനം. എല്ലാ മതങ്ങളും സമാധാനം മാത്രമാണ് ആഹ്വാനം ചെയ്യുന്നതെന്നും മതങ്ങളില്‍ അടിച്ചമര്‍ത്തലില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ വിശ്വാസങ്ങളും ഊട്ടിയുറപ്പിച്ച് ജീവിക്കാന്‍ കഴിയുന്ന രാജ്യമാണിത്.

എന്നാല്‍ സ്വാതന്ത്ര്യവും അവകാശങ്ങളും ഓരോരുത്തര്‍ക്കും ഉറപ്പുവരുത്തുന്ന ഭരണഘടനപോലും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പണ്ഡിതര്‍ക്കും എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകന്‍മാര്‍ക്കും ഏറെ പ്രാധാന്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും മുന്നോട്ടുള്ള വഴികളില്‍ അവരുടെ വാക്കുകളിലെ നന്മകളെ ഉള്‍ക്കൊള്ളാനാവണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

പാണക്കാട് സയ്യിദ് അബ്ബാലസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, രാഹുല്‍ ഈശ്വര്‍, ഡോ.ബഷീര്‍ ഫൈസി ദേശമംഗലം, ഫാദര്‍ തോമസ് പനക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍ ഖിറാഅത്ത് നടത്തി.