X
    Categories: Culture

ഇടഞ്ഞ ജയരാജനു മേല്‍ കുരുക്കിട്ട് പാര്‍ട്ടി

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായതിന്‌ശേഷം പാര്‍ട്ടിയുമായി കലഹത്തിലായ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനുമേലുള്ള കുരുക്ക് മുറുകുന്നു. ജയരാജന്‍ തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തുന്നുവെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കണമെന്നും ഇ.പി ജയരാജന് സംസ്ഥാന നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കി.

പാര്‍ട്ടി തീരുമാനത്തിനെതിരായ പ്രതിഷേധമെന്ന നിലക്ക് സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിയത് തെറ്റാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടും യോഗത്തില്‍ നിന്നും വിട്ടുനിന്നു. സഹകരണമേഖല നേരിടുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതും പാര്‍ട്ടിയെ അറിയിക്കാതെയാണ്. തനിക്കു പകരം മന്ത്രിസഭയിലെത്തിയ എം.എം മണിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിനും ജയരാജന്‍ എത്തിയിരുന്നില്ല.

 

ഇത് ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയതായാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. അച്ചടക്ക ലംഘനം സംബന്ധിച്ച് ജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. പകരം മന്ത്രിയായി എം.എം മണിയെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ചു ഞായറാഴ്ച എ.കെ.ജി സെന്റര്‍ വിട്ട ജയരാജന്‍, ചൊവ്വാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല.

 

വിവാദ ബന്ധുനിയമനത്തില്‍ തനിക്കെതിരായ വിജിലന്‍സിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെ മന്ത്രിസഭയിലെ ഒഴിവു നികത്തിയതില്‍ ജയരാജന്‍ തികഞ്ഞ അരിശത്തിലാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് പുതിയ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുത്തതിനെത്തുടര്‍ന്ന്, പിന്നീടു നടന്ന സംസ്ഥാന കമ്മിറ്റി യോഗവും അദ്ദേഹം ബഹിഷ്‌കരിച്ചു. നിയമസഭാ സമ്മേളനത്തിലും വിട്ടുനിന്ന് പ്രതിഷേധം പ്രകടിപ്പിക്കാന്‍ ജയരാജന്‍ തയാറായത് ഗൗരവമായാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്.

 

കോടിയേരി ബാലകൃഷ്ണനും എ.കെ ബാലനും ബന്ധുക്കളെ നിയമിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ ദിവസം ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിയെ തീരുമാനിക്കുന്നതിന് മുന്‍പ് കൂടിയാലോചിക്കാത്തതിലും അതൃപ്തി രേഖപ്പെടുത്തിയ ജയരാജന്‍, എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്ഷുഭിതനായ ജയരാജന്‍ സെക്രട്ടറിയേറ്റില്‍ നിന്നും ഇറങ്ങിപോകുകയായിരുന്നു.

chandrika: