ആള്‍വാരില്‍ ഗോരക്ഷകരുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെഹലു ഖാന്റെ പേര് പോലീസിന്റെ കുറ്റപത്രത്തിലില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും എന്നാല്‍ ഈ കേസിന്റെ അന്വേഷണം നടത്തിയത് മുന്‍ സര്‍ക്കാര്‍ ആണെന്നും. ബിജെപി സര്‍ക്കാര്‍ കാലത്ത് നടന്ന സംഭവത്തിന്റെ തുടര്‍നടപടിയാണ് ഇപ്പോള്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കേസില്‍ പെഹലു ഖാന്‍ കുറ്റക്കാരനാണെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വാസ്തുതാ പരമായി തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെവിടെയും നടക്കുന്ന ഏതു തരത്തിലിമുള്ള ആള്‍കൂട്ട ആക്രമത്തിനെതിരെ നിലകൊള്ളാന്‍ പ്രത്യയശാസ്ത്രപരമായി കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പെഹ്ലു ഖാനും കേസില്‍ പ്രതിയാണെന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കുമെന്ന് ഗെഹ്‌ലോട്ട് വ്യക്തമാക്കിയിരുന്നു. പെഹ്ലു ഖാന്റെ മരണശേഷം അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തതായി അല്‍വാര്‍ പോലീസ് സൂപ്രണ്ട് അനില്‍ പാരിസ് ദേശ്മുഖും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെഹ്‌ലു ഖാന്റെ മക്കളുടെ പേരുകള്‍ കേസ് ഷീറ്റില്‍ ഉണ്ടെന്നാണ് വിവരം.

അതേസമയം പെഹ് ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേര്‍ത്ത് കൊണ്ട് പോലീസ് കേസെടുത്ത വാര്‍ത്തകള്‍ പുറത്തുവന്ന വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് കത്തയച്ചിരുന്നു. രാജ്യമാകെ ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇരകള്‍ക്കെതിരെ കേസെടുക്കാനല്ല അക്രമകാരികളെ പിടികൂടാനും, നിയമത്തിന് മുന്നിലെത്തിക്കാനുമാണ് ശ്രമിക്കേണ്ടത്. സര്‍ക്കാറുകള്‍ മാറിയാലും ഉദ്യോഗസ്ഥ, പോലീസ് മേധാവികളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്നതിന്റെ തെളിവാണിതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ഇതിന് മാറ്റം വരാന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി കത്തില്‍ ആവശ്യപ്പെട്ടു. അത്തരമൊരു തീരുമാനം രാജ്യത്തിന്റെ ബഹുസ്വരതയിലും ,സഹവര്‍തിത്വത്തിലും, നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജയ്പൂരിലെ കന്നുകാലിച്ചന്തയില്‍ നിന്നു സ്വന്തം ഫാമിലേക്കു പശുവിനെ വാങ്ങി പോകുകയായിരുന്ന പെഹ്‌ലു ഖാനെയും മക്കളെയും 2017 ഏപ്രില്‍ ഒന്നിനാണ് ആള്‍വാരില്‍ ഒരു സംഘം ഗോരക്ഷകര്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പെഹ്ലു ഖാന്‍ ഏപ്രില്‍ 3ന് മരിച്ചു. സംഭവത്തെ തുടര്‍ന്നു ഗോരക്ഷകരായ 8 പേര്‍ക്കെതിരെയും കാലിക്കടത്തിന് പെഹ്‌ലു ഖാനും മക്കളായ ഇര്‍ഷാദ്, ആരിഫ്, ട്രക്ക് ഡ്രൈവര്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയും കേസ് എടുത്തിരുന്നു. ഗോരക്ഷകരെ സംരക്ഷിക്കുന്ന സമീപനമായിരുന്നു ബി.ജെ.പി നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. 1995 ല്‍ നിലവില്‍ വന്ന രാജസ്ഥാനിലെ മൃഗങ്ങളെ കൊല്ലലും, താല്‍കാലിക കയറ്റുമതിയും തടയുന്ന നിയമത്തിന്റെ 5,8,9 സെക്ഷനുകള്‍ പ്രകാരമായിരുന്നു കേസ്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടനെ ഡിസംബര്‍ 30 ന് പെഹ് ലു ഖാനും, രണ്ട് മക്കള്‍ക്കും, മറ്റ് ചിലര്‍ക്കുമെതിരെ ചാര്‍ജ് ഷീറ്റ് നല്‍കുകയായിരുന്നു.