കൊച്ചി: പെരുമ്പാവൂരിന് സമീപം കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു മൊല്ല (32)യാണ് അഴിക്കുള്ളിലായത്. കൊലക്കുറ്റമടക്കം ആറ് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാക്കനാട് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് പൊലീസ് പ്രതിയെ ഹാജരാക്കിയത്. പിന്നീട് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ബിജുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം, ബിജു മൊല്ലയെക്കുറിച്ച് കൂടുതല്‍ വിരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. എറണാകുളം റൂറല്‍ പൊലീസ് പശ്ചിമബംഗാള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിജുവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചിരുന്നു. മര്‍ദത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. അതേസമയം നിമിഷ (19)യുടെ മൃതദേഹം കിഴക്കമ്പലം മലയിടം തുരുത്ത് മറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ രാവിലെ പതിനൊന്ന് മണിയോടെ സംസ്‌കാരിച്ചു. രാവിലെ പത്തോടെ നിമഷ പഠിച്ചിരുന്ന വാഴക്കുളം എം.ഇ.എസ് കോളേജിലും വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. കോളേജ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കലാലയമാകെ വിങ്ങിപ്പൊട്ടി. നിറകണ്ണുകളോടെയാണ് സഹപാഠികളും അദ്ധ്യാപകരും അന്ത്യോപചാരം അര്‍പ്പിച്ചത്. എം.ഇ.എസ് കോളേജിലെ അവസാന വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ