പെട്രോള്‍, ഡീസല്‍ എന്നിവയുടെ കേന്ദ്രനികുതിയായ എക്‌സൈസ്ഡ്യൂട്ടി നാമമാത്രമായി കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കണ്ണില്‍പൊടിയിടല്‍ നടപടി കേരളത്തില്‍ സി.പി.എമ്മിനെയും അണികളെയും സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കി. കഴിഞ്ഞദിവസം പെട്രോളിനുമേല്‍ അഞ്ചുരൂപയും ഡീസലിനുമേല്‍ പത്തുരൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ തീരുവകുറച്ചത്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് ഇത്രയും നികുതിയിന്മേല്‍ കിട്ടിവന്ന അധികനികുതി കുറഞ്ഞു. ഇതുകാരണം കേരളത്തില്‍ പെട്രോള്‍വിലയില്‍ 1.56 രൂപയുടെയും ഡീസലില്‍ 2.27 പൈസയുമാണ് ലിറ്ററിന് കുറഞ്ഞത്.

കേന്ദ്രനികുതിയിന്മേലുള്ള ശതമാനമാണ് വാസ്തവത്തില്‍ കുറഞ്ഞത്. ഇതിനെ കേരളത്തിന്റെ അവകാശവാദമായി ധനമന്ത്രിയും സി.പി.എമ്മും വാദിച്ചതാണ് കുഴപ്പത്തിലാക്കിയത്. കേരളത്തിന്റെ സ്വന്തംനികുതിയായ വാറ്റില്‍ കുറവുവരുത്താന്‍ മന്ത്രിയും സര്‍ക്കാരും തയ്യാറായില്ലെന്നുമാത്രമല്ല, സ്വാഭാവിക കുറവിനെ തങ്ങളുടെ നേട്ടമായി വ്യാഖ്യാനിക്കുകയുമായിരുന്നു. വിലകുറച്ച കേന്ദ്രസര്‍ക്കാര്‍നടപടിയെ പരിഹസിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പോക്കറ്റടിച്ചയാള്‍ ഇരയ്ക്ക് നല്‍കുന്ന വണ്ടിക്കൂലിയായി ഉദാഹരിക്കുകയുംചെയ്തു. അതേസമയം സ്വാഭാവിക കുറവിനെ തങ്ങള്‍ കുറച്ചതായാണ് സി.പി.എം മുഖപത്രമായ ദേശാഭിമാനിയും ഇന്നലെ വ്യാഖ്യാനിച്ചത്. കേന്ദ്രനടപടിയുണ്ടായിട്ടും കേരളം എന്തുകൊണ്ട് അനങ്ങുന്നില്ലെന്ന പരാതിയെ മറികടക്കാന്‍ കണ്ട അടവാണ് നികുതികുറച്ചെന്ന രീതിയിലുള്ള മന്ത്രിയുടെ വാചകവും പാര്‍ട്ടിപത്രത്തിന്റെ മുഖ്യവാര്‍ത്തയും. ഭക്ഷ്യക്കിറ്റിനും പെന്‍ഷനും വലിയൊരു തുക ചെലവാക്കിയതാണെന്ന വ്യാഖ്യാനമാണ് മന്ത്രി നല്‍കിയത്. ഇതാകട്ടെ കക്കൂസ്പണിയാനാണ് പെട്രോള്‍നികുതി ഈടാക്കുന്നതെന്ന ബി.ജെ.പിയുടെ മുന്‍കേന്ദ്രമന്ത്രിയുടെ വ്യാഖ്യാനത്തിന് സമാനവുമായി.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കും പത്രത്തിനുമെതിരെ ഇന്നലെരാവിലെ മുതല്‍ വലിയതോതിലുള്ള ട്രോളാണ് പ്രത്യക്ഷപ്പെട്ടത്. സത്യത്തില്‍ ഇത്തരത്തില്‍ ജനങ്ങളെയും പ്രത്യേകിച്ച് സ്വന്തം പാര്‍ട്ടിഅണികളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രിയുടെനടപടി അദ്ദേഹത്തിന്റെ നിലവാരത്തേകൂടി പ്രതികൂലമായി ബാധിച്ചു. പാര്‍ട്ടിക്കുവേണ്ടി ഏറ്റെടുത്ത റിസ്‌കാണതെന്നാണ് മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ ഇതേക്കുറിച്ച് പറയുന്നത്. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ കേരളത്തിന്റെ നികുതിയില്‍ മുമ്പ് നാലുതവണ കുറവുവരുത്തിയിരുന്നെങ്കിലും അതിനെയും തള്ളിപ്പറയാനാണ് സി.പി.എം ശ്രമിച്ചത്. ഇതുംഅവര്‍ക്കുതന്നെ തിരിച്ചടിയായി. കേരളം കുറച്ചില്ലെന്ന വ്യാഖ്യാനത്തിന് തടയിടുകയാണ് പാര്‍ട്ടിപത്രത്തിലെ വാര്‍ത്തകൊണ്ട് ഉദ്ദേശിച്ചതെന്നാണ് സമൂഹമാധ്യമത്തില്‍ സി.പി.എം അനുകൂലികളുടെ ന്യായീകരണം.

ബി.ജെ.പി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതിയില്‍ കുറവുവരുത്തിയതും ഇക്കാര്യം കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയതും കേരളസര്‍ക്കാരിനും ഇടതുപക്ഷത്തിനുമേറ്റ രാഷ്ട്രീയപ്രഹരമാണ്. സി.പി.എം സംസ്ഥാനനേതൃത്വവും നികുതികുറക്കാനാവില്ലെന്ന നിലപാടിലാണ്. തുടര്‍ഭരണം ലഭിച്ചിട്ടുപോലും നികുതിയില്‍ നേരിയൊരു ആശ്വാസം നല്‍കാന്‍ സി.പി.എം തയ്യാറാവാത്തതിനെതിരെ വലിയപ്രതിഷേധമുയരുമ്പോള്‍ ഇനിയെന്തുപറഞ്ഞ് അണികളെ ആശ്വസിപ്പിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ചോദിക്കുന്നത്. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനിടെ അണികളില്‍നിന്ന് ശക്തമായവിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. പ്രതിപക്ഷം ശക്തമായിസമരമുഖത്തേക്ക് വന്നതോടെ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് സി.പി.എംനേതൃത്വം.