X

ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം: പൊലീസും അന്വേഷിക്കും

 

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദം പൊലീസ് അന്വേഷിക്കും. പൊലീസിന് ലഭിച്ച വിവിധ പരാതികളെ തുടര്‍ന്നാണ് അന്വേഷണം. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഫോണ്‍ വിളി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണവും വരുന്നത്.
ശശീന്ദ്രന്റെ രാജിക്കു വഴിവെച്ച ഫോണ്‍സംഭാഷണ വിവാദത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇതിനുപുറമെ വനിതാ മാധ്യമപ്രവര്‍ത്തകരും കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ ഉറവിടത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നതിനാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണന്നായിരുന്നു പരാതിയിലെ പരാമര്‍ശം. മന്ത്രിയെ ഫോണില്‍ വിളിച്ച പെണ്‍കുട്ടിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ മലപ്പുറം സ്വദേശിനിയും പൊലീസിനെ സമീപിച്ചിരുന്നു.
എന്‍.സി.പിയുടെ യുവജന വിഭാഗം കഴിഞ്ഞ ദിവസം സൈബര്‍ പൊലീസിന് പരാതി നല്‍കി. ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കിയതാണെന്ന ആക്ഷേപം ശക്തിമായിരിക്കെയാണ് പൊലീസ് അന്വേഷണം കൂടി നടത്തുന്നത്. ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതി ശക്തമായതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ശശീന്ദ്രന്‍ രാജിവെച്ച ദിവസം തന്നെ മുഖ്യമന്ത്രിയും ഡി.ജി.പിയും അന്വേഷണവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ അശ്ലീല സംഭാഷണത്തിന്റെ പേരില്‍ ഏതെങ്കിലുമൊരു സ്ത്രീയോ തന്നെ ട്രാപ്പ് ചെയ്‌തെന്ന് ആരോപിച്ച് ശശീന്ദ്രനോ പരാതി നല്‍കാത്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണമില്ലെന്ന നിലപാടിലായിരുന്നു ഡി.ജി.പി.

chandrika: