തിരുവനന്തപുരം: ഹാഥ്രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കയ്യേറ്റം ചെയ്ത യുപി പൊലീസ് നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിക്ക് ഹാഥ്രസിലേക്ക് പോകാന്‍ ജനാധിപത്യ അവകാശവും ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്, മുഖ്യമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് രാഹുല്‍ഗാന്ധിയെ ഉത്തര്‍പ്രദേശില്‍ അവിടത്തെ പൊലീസും ഭരണകക്ഷിക്കാരും കയ്യേറ്റം ചെയ്തത്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. രാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്, അദ്ദേഹം പറഞ്ഞു.