മലപ്പുറം: ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ പരാജയ കാരണം ഗൗരവ പൂര്‍വ്വം പരിശോധിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലികുട്ടി. വിജയിക്കുമെന്ന് കരുതിയിടത്ത് നിന്നാണ് പരാജയത്തിലേക്ക് ഫലം മറിഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയും വ്യക്തമായി പഠനം ഈ വിഷത്തില്‍ നടത്തണം.

മുസ്‌ലിം ലീഗ് സ്വാധീനമുള്ള മേഖലിയിലെല്ലാം യു.ഡി.എഫിന് നല്ല മുന്നേറ്റമുണ്ടായി. ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെ മുസ്‌ലിം ലീഗിന്റെ സമുന്നത നേതാക്കളെല്ലാം ചെങ്ങന്നൂരില്‍ കാമ്പ് ചെയ്തു പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതു സ്ഥാനാര്‍ത്ഥിതന്നെ എടുത്തു പറഞ്ഞതാണ്.

ബി.ജെ.പി യുഗം രാജ്യത്ത് അവസാനിക്കുന്നതിന്റെ സൂചനയാണ് ചെങ്ങന്നൂരില്‍ വ്യക്തമായത്. ഇവിടെ ബി.ജെ.പിക്ക് ഏറ്റവും ശക്തിയുള്ള സ്ഥലമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോയി. രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പിലെല്ലാം ബി.ജെ.പി പിറകിലാണ്.

കേരളത്തിലും ബി.ജെ.പിയുടെ കാലം കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ പ്രകടനം ഇനി കാഴ്‌ചെവെക്കാന്‍ ബി.ജെ.പിക്ക് ആയില്ല. ഒറ്റകക്ഷി എന്ന നിലയില്‍ ഒരു സംസ്ഥാനത്തും അവര്‍ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും കുഞ്ഞിലികുട്ടി പറഞ്ഞു.

ചെങ്ങന്നൂരിലെ പരാജയം അപ്രതീക്ഷിതമായിരുന്നില്ല. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ അവര്‍ തന്നെ വിജയിച്ചു അത്രമാത്രം. കേരളത്തില്‍ അത് അസാധാരണമല്ല. ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ മൂന്ന് ഉപ തെരഞ്ഞെടുപ്പുകള്‍ നടന്നു. ചെങ്ങന്നൂര്‍ ഒഴികെ രണ്ടിലും ജയിച്ചത് യൂ.ഡി.എഫായിരുന്നു.

പിറവം, അരുവിക്കര, നെയ്യാറ്റിന്‍കര, ഉപതെരഞ്ഞെടുപ്പിലെല്ലാം ഫലം യുഡി.എഫിനൊപ്പമായിരുന്നു. സിറ്റിങ് എം.എല്‍.എയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അതേ പാര്‍ട്ടി മത്സരിച്ചു അവര്‍ തന്നെ ജയിച്ചു. ഉപ തെരഞ്ഞെടുപ്പ് എല്ലാറ്റിന്റേയും വിലയിരുത്തലല്ല. എല്‍.ഡി.എഫിന്റെ വിജയം എല്ലാറ്റിന്റേയും അവസാനമല്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.