കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന് നിവേദനം നല്‍കി.  മുസ്ലിം ലീഗ്‌ ദേശീയ നേതാക്കളായ ഇ .ടി. മുഹമ്മദ്‌ ബഷീർ എം പി, പി. വി. അബ്ദുൽ വഹാബ്‌ എം പി എന്നിവരോടൊപ്പമാണ് അദ്ദേഹം മന്ത്രിയെ സന്ദർശിച്ചത്‌. ഇതോടൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനസ്ഥാപിക്കണമെന്നും, സൗദി അറേബ്യയിലേക്ക് കരിപ്പൂരില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  മലബാറില്‍ നിന്നുള്ള യാത്രക്കാരുടേയും, ഹജ് തീര്‍ഥാടകരുടേയും ആവശ്യം പരിഗണിച്ചാണ് കുഞ്ഞാലിക്കുട്ടി മന്ത്രിക്ക് നിവേദനം നല്‍കിയത്.

ദിവസേന 76 വിമാന സര്‍വീസുകള്‍ നടക്കുന്ന വിമാനത്താവളമാണ് കരിപ്പൂര്‍. ഇന്ത്യയിലെ പന്ത്രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവുമാണിത്. 2017-2018 വര്‍ഷം ഏകദേശം 30 ലക്ഷത്തോളം യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിക്കുമെന്നാണ് കണക്ക്. ചരക്കു കയറ്റുമതിയില്‍ രാജ്യത്ത് പതിനൊന്നാം സ്ഥാനവും കരിപ്പൂര്‍ വിമാനത്താവളത്തിനുണ്ട്്. സ്ഥലം ലഭ്യതയാണ് വിമാനത്താവള വികസനത്തിന് തടസ്സമാകുന്നതെന്നും അക്കാര്യം തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി മന്ത്രിയെ ധരിപ്പിച്ചു.

ഇത്രയും തിരക്കുള്ള വിമാനത്താവളമായിട്ടും 2015 മെയ് മാസം റണ്‍വേ വികസനത്തിനായി നിറുത്തി വെച്ചതിന് ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ലക്ഷക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാനത്താവളമെന്ന നിലക്ക് ഇത് അവരോടുള്ള അനീതിയാണ്. ഇത് പരിഹരിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

നേരത്തെ സൗദി എയര്‍ലൈന്‍സ് നേരിട്ട് സര്‍വീസ് നടത്തിയിരുന്ന ജിദ്ദയിലേക്കും റിയാദിലേക്കും ഇപ്പോള്‍ നേരിട്ടുള്ള സര്‍വീസുകള്‍ ഇല്ല. വലിയ വിമാനങ്ങള്‍ ഇവിടെ അനുവദിച്ചാല്‍ മാത്രമേ സൗദി എയര്‍ലൈന്‍സ് തങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുകയുള്ളു. സൗദി അറേബ്യയില്‍ മലബാറില്‍ നിന്നും ഒട്ടേറെ പേരാണ് ജോലിക്കായി പോകുന്നത്. ഇവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരന്തം അവസാനിക്കണമെങ്കില്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് മന്ത്രാലയം കൈക്കൊള്ളണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സൗദിയിലേക്ക് തുടങ്ങണമെന്നു ആവശ്യപ്പെടുന്ന വിമാന സര്‍വീസുകള്‍ ഡല്‍ഹി-ചെന്നൈ വഴി അനുവദിച്ചാല്‍ ഇവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരു അധിക വിമാന സര്‍വീസ് കൂടി ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടി.

ഇപ്പോള്‍ ദിവസേന ഓരോ വിമാനങ്ങളാണ് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ചെന്നൈ, ഡല്‍ഹി, ബംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് കരിപ്പൂരില്‍ നിന്നുള്ളത്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളായ കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും ഇവിടെ നിന്ന് ദിവസേന ഒരു സര്‍വീസ് മാത്രമേയുള്ളു. ഈ സെക്ടറുകളിലേക്കെല്ലാം യാത്രക്കാരുടെ എണ്ണം ദിവസേന വര്‍ധിക്കുകയാണ്. ഇത് കണക്കിലെടുത്ത് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരിപ്പൂരില്‍ റണ്‍വേ നവീകരണത്തിന്റെ ഭാഗമായി തടസപ്പെട്ട ഹജ്ജ് എംബാര്‍ക്കേഷന്‍ സെന്റര്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണം. കേരളത്തില്‍ നിന്നുള്ള 90 ശതമാനത്തോളം വരുന്ന ഹജ്ജ് തീര്‍ഥാടകരും മലബാറില്‍ നിന്നുള്ളവരാണ്. ഇത് കണക്കിലെടുത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.