മലപ്പുറം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ കുഞ്ഞാലികുട്ടി.
കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒത്തൊരുമിക്കണം എന്നുതന്നെയാണ് യുഡിഎഫിന്റെയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെയും പൊതു നയം.എന്നാല്‍ സര്‍ക്കാറുകള്‍ കൃത്യമായ ഉത്തരവാദിത്വം കാണിക്കണം. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പേരെടുക്കലിനാണ് അദ്യഘട്ടത്തില്‍ ശ്രമിച്ചതെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ലോക രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പൊളിറ്റിക്കല്‍ മൈലേജില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ധാരാളം വീഴ്ചകള്‍ ഈ കാര്യത്തില്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടായി, കേരള സര്‍ക്കാറും ഇത് ആവര്‍ത്തിക്കരുതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

പ്രതിദിന ടെസ്റ്റ് പോസിറ്റീവ് നിരക്ക് ക്രമാതീതമായി ഉയരുന്ന ഈ സമയത്ത് സന്ദര്‍ഭത്തിനനുസരിച്ച്് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധി പൊതു ഫണ്ട് ആണെന്നും അതിലേക്ക് സംഭാവനകള്‍ നല്‍കുന്നത് നല്ലകാര്യമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.