ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ ട്വിറ്ററിലൂടെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്. കോവിഡിന്റെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിനുണ്ടായ വീഴ്ചയും രാജ്യത്ത് വാക്‌സിന്‍ വിതരണത്തിലുണ്ടായ പ്രതിസന്ധിയും മുന്‍നിര്‍ത്തിയാണ് സിദ്ധാര്‍ഥിന്റെ വിമര്‍ശനം. ബിജെപി സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന ദിവസം രാജ്യം യഥാര്‍ഥ പ്രതിരോധശേഷി ആര്‍ജ്ജിക്കുമെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തിലെത്തുന്ന ദിവസം എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബംഗാളിലെ ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററില്‍ ഏപ്രില്‍ 23 ന് പ്രത്യക്ഷപ്പെട്ട ട്വീറ്റുള്‍പ്പെടെ പങ്കുവെച്ചാണ് താരത്തിന്റെ പ്രതിഷേധം.

‘ജനാധിപത്യപ്രക്രിയയിലൂടെ നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന ദിവസം നമ്മുടെ രാജ്യം യഥാര്‍ഥത്തില്‍ വാക്‌സിനേറ്റഡ് ആകും. അത് താമസിയാതെ സംഭവിക്കും. ഞങ്ങള്‍ അപ്പോഴും ഇവിടെത്തന്നെയുണ്ടാകും. ഈ ട്വീറ്റിനെ കുറിച്ച് നിങ്ങളെ ഓര്‍മപ്പെടുത്താനെങ്കിലും’. സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.