News

ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

By webdesk17

June 16, 2025

ലഖ്നൗ: ഹജ്ജ് തീര്‍ഥാടകരുമായ വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. എസ് വി3112 എന്ന വിമാനത്തിലാണ് തീ പിടിച്ചത്. വിമാനം ലഖ്നൗവില്‍ ഇറങ്ങുമ്പോഴാണ് ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ വിമാനം ആറ് മണിയോടെ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ചക്രത്തിന്റെ ഭാഗത്ത് നിന്ന് തീയും പുകയും ഉയര്‍ന്നത്.

വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 250 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെ ജിദ്ദയില്‍ നിന്നുള്ള സൗദിയ എയര്‍ലൈന്‍സ് വിമാനം ലഖ്നോവിലെ ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീപ്പൊരി ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടത്. SV 312 വിമാനത്തില്‍ തീ കണ്ട ഉടന്‍ ഗ്രൗണ്ട് സ്റ്റാഫ് എയര്‍പോര്‍ട്ട് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് (ARFF) ടീമിനെ അറിയിച്ചു. സൗദിയ എയര്‍ലൈന്‍സ് ടെക്‌നിക്കല്‍ ടീമിന്റെ സഹകരണത്തോടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് തടഞ്ഞു. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി.

സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.