ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധവുമായി എന്‍ഡിഎയിലെ സഖ്യ കക്ഷികള്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി സര്‍ക്കാറിനെതിരെ പ്രക്ഷോഭം കനക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിനെതിരെ സമരരംഗത്തേക്ക് ആളുകള്‍ നേരിട്ട് ഇറങ്ങി.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധവുമായി കൂടുതല്‍ സഖ്യകക്ഷികളും രംഗത്തെത്തി. കര്‍ഷക പ്രതിഷേധം കനത്തതോടെ ഹരിയാനയിലെ എന്‍ഡിഎ സഖ്യകക്ഷിയായ ജെജെപിക്ക് മേല്‍ സമ്മര്‍ദമേറി. മറ്റൊരു സഖ്യകക്ഷി ശിരോമണി അകാലി ദള്‍ ഇന്നലെ കേന്ദ്രമന്ത്രിയെ പിന്‍വലിച്ചിരുന്നു. പഞ്ചാബില്‍ മൂന്ന് ദിവസത്തെ ട്രെയിന്‍ തടയല്‍ സമരം കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രഖ്യാപിച്ചു. ജനവികാരം തിരിച്ചറിയുന്നുണ്ടെങ്കില്‍ അകാലി ദള്‍, പാര്‍ലമെന്റ് ഘരാവോ സംഘടിപ്പിക്കാന്‍ തയാറാകണമെന്ന് കര്‍ഷക സമര സമിതി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ ഇന്നലെ ലോക്സഭയില്‍ പാസാക്കിയതോടെ പഞ്ചാബിലും ഹരിയാനയിലും കര്‍ഷകസമരം ശക്തമായിരുന്നു. രാവിലെ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി. ജെജെപിയിലെ നേതൃതലത്തിലും ചര്‍ച്ച തുടരുകയാണ്. കര്‍ഷക സമരത്തെ അവഗണിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന വികാരം മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചുവന്നാണ് സൂചന. ഇന്നലെ എന്‍ഡിഎ സഖ്യകക്ഷിയായ അകാലി ദള്‍ ലോക്സഭയില്‍ കാര്‍ഷിക ബില്ലുകളെ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്. കോണ്‍ഗ്രസും ഡിഎംകെയും വാക്ക് ഔട്ട് നടത്തി. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ കാര്‍ഷിക ബില്ലുകള്‍ കൊണ്ടുവന്ന നടപടി ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം ആരോപിച്ചു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുന്നില്‍ ബില്‍ കത്തിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് എം.പിമാരായ ജസ്ബീര്‍ സിംഗ് ഗില്‍, രണ്‍വീത് സിംഗ് ബിട്ടു, അമര്‍ സിംഗ് എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് വെച്ച് ബില്ലുകള്‍ പരസ്യമായി കത്തിച്ചത്. ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഏതുവിധേനയും എതിര്‍ക്കുമെന്നും എം.പിമാര്‍ വ്യക്തമാക്കി.

അതേസമയം, കര്‍ഷക പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനെയും കോണ്‍ഗ്രസിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. കര്‍ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്ന്, ബില്ലുകള്‍ പാസാക്കിയതിനെ സ്വാഗതം ചെയ്ത മോദി പറഞ്ഞു. റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന പരിപാടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ നിരവധി ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചവര്‍ കര്‍ഷകരെ ശക്തിപ്പെടുത്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അവരുടെ രാഷ്ട്രീയത്തെ സൂക്ഷിക്കണമെന്നും, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. കര്‍ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. ബില്‍ ചരിത്രപരമാണെന്നും
പുതിയ ബില്ലിലൂടെ, ഇടനിലക്കാരുടെ ശല്യം ഇല്ലാതെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നതിനുളള അവസരമാണ് കര്‍ഷകര്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്നും മോദി അവകാശപ്പെട്ടു. ബില്ലുകളിലൂടെ കാര്‍ഷിക രംഗത്ത് കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്. നിരവധി അവസരങ്ങളാണ് കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. ഇത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. ബില്‍ പാസാക്കിയതിന് എല്ലാവരെയും അഭിനന്ദിക്കുന്നു, മോദി കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ നരേന്ദ്രമോദിക്കൊപ്പമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചത്.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ദി ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയാണ് പാസാക്കിയ ബില്ലുകള്‍. അതില്‍ എസന്‍ഷ്യല്‍ കൊമ്മോഡിറ്റീസ്(അമന്‍ഡ്മെന്റ്) ബില്‍ നേരത്തെ പാസാക്കിയിരുന്നു. ഈ മൂന്ന് ബില്ലുകളും ഇപ്പോള്‍ ലോക് സഭയില്‍ കൂടി പാസാക്കിയതോടെയാണ് പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്.