X

സഭാ സ്തംഭനം: മോദി സര്‍ക്കാറിനു തിരിച്ചടി; 18 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം ബജറ്റ് സമ്മേളമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2000ത്തിനു ശേഷമുള്ള പാര്‍ലമെന്റിലെ ഏറ്റവും മോശം ബജറ്റ് സമ്മേളനം ഇത്തവണത്തേതെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ സഭാ സ്തംഭനം ബജറ്റ് സമ്മേളനത്തിന്റെ നിറം കെടുത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിനു തിരിച്ചടിയാകുന്ന വിലയിരുത്തലുകള്‍ പുറത്തു വന്നത്. 18 വര്‍ഷത്തിനിടെ ഇത്രയും നിഷ്‌ക്രിയമായ ബജറ്റ് സമ്മേളനം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവര്‍ മോദി ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയതും പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ യോജിച്ച ചെറുത്തു നില്‍പ്പിന് തുടക്കമിട്ടതുമാണ് കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായത്. രണ്ടു ഘട്ടങ്ങളിലായാണ് ഇത്തവണ ബജറ്റ് സമ്മേളനം നടന്നത്. ജനുവരി 29 മുതല്‍ ഫെബ്രുവരി ഒമ്പതു വരെയായിരുന്നു ആദ്യ ഘട്ടം. താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് ബജറ്റ് അവതരണവും മറ്റും നടന്ന ഈ സിറ്റിങിലുണ്ടായത്. നിശ്ചിത സമയത്തിന്റെ 89 ശതമാനം ലോക്‌സഭ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഇത് നേരെ വിപരീത ദിശയിലായിരുന്നു. മാര്‍ച്ച് അഞ്ചു മുതല്‍ ഏപ്രില്‍ ആറു വരെ ഒരു മാസം നീണ്ടു നിന്ന രണ്ടാംഘട്ട സമ്മേളനത്തില്‍ നിര്‍മാണാത്മക സഭാസെഷന്‍ നിശ്ചിത സമയത്തിന്റെ നാല് ശതമാനം മാത്രമായി ചുരുങ്ങിയതായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ പി.ആര്‍.എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് വ്യക്തമാക്കി.

നിയമ നിര്‍മാണങ്ങള്‍ക്കായി ലോക്‌സഭ ചെലവിട്ടത് നിശ്ചിത സമയത്തിന്റെ ഒരു ശതമാനം മാത്രമാണ്. പല ബില്ലുകളും ചര്‍ച്ച കൂടാതെ തന്നെ പാസാക്കുകയായിരുന്നു. പി.എന്‍.ബി വായ്പാ തട്ടിപ്പ്, ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ്, കാവേരി നദീജല തര്‍ക്കം, എസ്.സി, എസ്.ടി അതിക്രം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തുന്ന സുപ്രീംകോടതി ഉത്തരവ് എന്നിവയാണ് പാര്‍ലമെന്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയതെന്നും സംഘടന വ്യക്തമാക്കി. കര്‍ഷകരും ദളിതരും രാജ്യവ്യാപകമായി മോദി സര്‍ക്കാറിനെതിരെ രംഗത്തെത്തിയതും ഗുജറാത്തില്‍ ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു നേരിട്ട തോല്‍വിയും പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഫലിച്ചെന്ന് സംഘം വിലയിരുത്തി. സഭാ സമ്മേളനത്തിലെ നിഷ്‌ക്രിയത്വം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

chandrika: