കൊച്ചി: പാനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതവും സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ അറിവോടെയുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേതാക്കളുടെ ഒത്താശയോടെ, ആസൂത്രിത ഗൂഢാലോചനയെ തുടര്‍ന്നാണ് ദാരുണമായ കൊലപാതകമുണ്ടായത്. പേര് ചോദിച്ച ശേഷം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. യാതൊരു തെറ്റും ചെയ്യാത്ത കുട്ടിയെ ആണ് നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകികളെ പിടികൂടുന്നതില്‍ നിസംഗമായ നിലപാടാണ് പൊലീസിന്റേത്. കൊലനടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കണ്ണൂരിലെ സമാധാന യോഗത്തില്‍ നിന്ന് യുഡിഎഫ് കക്ഷികള്‍ ഇറങ്ങിപ്പോയത്. എല്ലായ്‌പ്പോഴും സമാധാനം ആഹ്വാനം ചെയ്യുകയും മറ്റാരേക്കാളും അതിനായി നിലകൊള്ളുകയും ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്‌ലിലീഗും യുഡിഎഫും. പക്ഷേ, പ്രതികളെ നാട്ടുകാരും ആക്രമണത്തിനിരയായവരും ചണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത പൊലീസ് നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രതികള്‍ ബസ് മാര്‍ഗം ബെംഗളൂരിലേക്ക് രക്ഷപ്പെടുന്നതായ വിവരം നാട്ടുകാര്‍ കൈമാറിയിട്ടും പൊലീസ് പരിശോധനക്ക് തയാറായില്ല. പാര്‍ട്ടി ഓഫീസിലെ കസേരയുടെ കാല്‍ പൊളിഞ്ഞതിന്റെ പേരില്‍ യുഡിഎഫ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശുഷ്‌ക്കാന്തി കാണിക്കുന്ന പൊലീസ് മന്‍സൂറിന്റെ കൊലപാതകികളെ പിടികൂടാന്‍ ചെറുവിരല്‍ പോലും അനക്കാന്‍ തയാറാവുന്നില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനും സര്‍ക്കാരിനും.

കൊലപാതകത്തിന് മുമ്പുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ വാട്‌സ്ആപ് സ്റ്റാറ്റസും, കൊലപാതകത്തിന് ശേഷമുള്ള പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റും ശക്തമായ ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എം.വി ജയരാജന്‍ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. അക്രമം തുടരുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. ശാന്തിയും സമാധാവും ഉറപ്പാക്കുന്നതിന് പകരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി കൂടുതല്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. നിലനില്‍പ്പില്ലെന്ന ബോധ്യത്തിലാണ് സിപിഎം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നത്. രാഷ്ട്രീയപരമായി തങ്ങളോട് യോജിക്കാത്തവരെ ഉന്മൂലനം ചെയ്യുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. സിപിഎമ്മിന്റെ തനിനിറം ജനം മനസിലാക്കി കഴിഞ്ഞു. പാനൂരിലെ രാഷ്ട്രീയ കൊലപാതകത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് ആശാവഹമാണ്. കേസില്‍ നേരായ അന്വേഷണം നടന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ മുസ്‌ലിംലീഗ് തുടരുമെന്നും പി.എം.എ സലാം വ്യക്തമാക്കി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ്, ജനറല്‍ സെക്രട്ടറി ഹംസ പറക്കാടന്‍, വൈസ് പ്രസിഡന്റ് പി.കെ ജലീല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.