ആലപ്പുഴ: മഫ്തിയില്‍ പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. എടത്തല കുഞ്ചാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ആണ് മര്‍ദനത്തിനിരയായത്. ഉസ്മാന്‍ ഓടിച്ചിരുന്ന ബൈക്കില്‍ എടത്തല ഗവണ്‍മെന്റ് സ്‌കൂള്‍ ഗെയ്റ്റിന് മുന്നില്‍ വെച്ച് പൊലീസുകാരുടെ കാര്‍ ഇടിക്കുകയായിരുന്നു.

പൊലീസുകാരുടെ കാറാണെന്ന് ഉസ്മാനോ കണ്ട് നിന്നവര്‍ക്കോ അറിയുമായിരുന്നില്ല. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഉസ്മാനും കാറിലുണ്ടായിരുന്ന പൊലീസുകാരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ കാറിലുണ്ടായിരുന്നവര്‍ ഉസ്മാനെ മര്‍ദിച്ചശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി സ്‌റ്റേഷനിലെത്തിച്ച് അവിടെ വെച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.

ഉസ്മാനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതറിഞ്ഞ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് ഉസ്മാനെ മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോയി തിരിച്ചു കൊണ്ടുപൊകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇതോടെ ഉസ്മാനെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ തീരുമാനിക്കുകയായിരുന്നു.