ലിസ്ബണ്‍: അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കഴിഞ്ഞ ദിവസം അഡിഡാസിന്റെ ഫോട്ടോ ഷൂട്ടില്‍ ആടിനൊപ്പം പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായെങ്കില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ പറയുന്നത് തനിക്ക് പരസ്യത്തിന് സ്വന്തം കാല്‍ മസില്‍ മതിയെന്നാണ്. ഇന്നലെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗീസ് ലോകകപ്പ് ക്യാമ്പിലെത്തിയത്. ആദ്യ ദിവസം തന്നെ ഫോട്ടോ ഷൂട്ട്. എല്ലാ ചിത്രങ്ങളിലും കാല്‍ മസിലായിരുന്നു റൊണാള്‍ഡോ ഉയര്‍ത്തിക്കാട്ടിയത്. ദേശീയ ടീമിലെ സഹതാരങ്ങളായ ബെറ്റോ, പട്രീസിയോ, മൗറിയോ റൂയി തുടങ്ങിയവര്‍ക്കൊപ്പമാണ് റൊണാള്‍ഡോ മസിലുമായി പോസ് ചെയ്തത്. സമ്മര്‍ദ്ദ്‌മെന്നത് അദ്ദേഹം പ്രകടിപ്പിക്കുന്നില്ല. ലോകം വാഴ്ത്തുന്ന താരമായിട്ടും ഒരു ലോകകപ്പ് എന്നത് ഇപ്പോഴും റൊണാള്‍ഡോക്ക് കിട്ടാക്കനിയാണ്. യൂറോപ്യന്‍ കിരീടം നിലവില്‍ പോര്‍ച്ചുഗലിന്റെ പക്കലാണ്. ആ കിരീടം സ്വന്തമാക്കിയ സാഹചര്യത്തില്‍ യൂറോപ്പില്‍ തന്നെ നടക്കുന്ന ലോകകപ്പില്‍ കിരീടം സ്വന്തമാക്കുക എന്ന വലിയ ലക്ഷ്യത്തിലാണ് സൂപ്പര്‍ താരം. റൊണാള്‍ഡോ എത്തിയതിന് പിറകെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയും ഇന്നലെ പരിശീലക ക്യാമ്പിലെത്തി. ഒരു മണിക്കൂറോളം അദ്ദേഹം താരങ്ങള്‍ക്കൊപ്പം ചെലവഴിച്ചു.